By Online Desk .01 Apr, 2020
തിരുവനന്തപുരം: കോവിഡ് 19 രോഗം ബാധിച്ച് പോത്തന്‍കോട് പഞ്ചായത്തില്‍ ഒരാള്‍ മരിച്ച സാഹചര്യത്തില്‍ പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കി. പോത്തന്‍കോട് പഞ്ചായത്തിലും അതിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പോത്തന്‍കോട്, മോഹനപുരം, കൊയ്ത്തൂര്‍ക്കോണം, ആര്യോട്ടുകോണം, കാട്ടായിക്കോണത്തിന്റെ മേല്‍ഭാഗം, വെമ്പായം, മാണിക്കല്‍ പഞ്ചായത്തുകളിലെ ആളുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ പഞ്ചായത്തുകളിലെ മുഴുവന്‍ ആളുകളും അടുത്ത രണ്ടാഴ്ചക്കാലം സ്വയം വീടുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണം. പൊതുപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കൊറോണ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരൊഴികെ ആരും തന്നെ പുറത്തിറങ്ങാന്‍ പാടില്ല. പുറത്തിറങ്ങുന്നവര്‍ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം.
ഹോം ക്വാറന്റൈന് പ്രഖ്യാപിച്ച സ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം നഗരസഭ മേയര്‍ കെ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പോത്തന്‍കോട് ജെറ്റര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തി. ആളുകള്‍ക്ക് എന്താവശ്യമുണ്ടെങ്കിലും പഞ്ചായത്ത് പ്രസിഡന്റുമാരെയോ ജനപ്രതിനിധികളെയോ പൊലീസിനെയോ ബന്ധപ്പെടാവുന്നതാണ്. നെല്ലനാട് പഞ്ചായത്തില്‍ നാളെ ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അടച്ചിട്ട പഞ്ചായത്തുകളിലേയ്ക്ക് സൗഹൃദ സന്ദര്‍ശനം ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.