Sunday 31 May 2020




തൊഴിലുടമകള്‍ ഭക്ഷണവും പാര്‍പ്പിടവും നല്‍കിയില്ല; നാട്ടിലെത്താന്‍ 500 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു

By Online Desk .03 Apr, 2020

imran-azhar

 


ചെന്നൈ: രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്താന്‍ 500 കിലോമീറ്ററിലധികം കാല്‍നടയായി യാത്ര ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് നാമക്കല്‍ സ്വദേശി ലോഗേഷ് ബാലസുബ്രഹ്മണി (23) ആണ് കുഴഞ്ഞുവീണ് മരിച്ചത്. മൂന്നു ദിവസത്തോളം സഞ്ചരിച്ച് നാഗ്പൂരില്‍ നിന്നും സെക്കന്ദരാബാദ് വരെ എത്തിയ 26 അംഗസംഘത്തിലെ ഒരാളായിരുന്നു ലോഗേഷ്. തൊഴിലുടമകള്‍ ഭക്ഷണവും പാര്‍പ്പിടവും നല്‍കില്ലെന്ന് അറിയിച്ചതോടെ തങ്ങള്‍ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നുവെന്ന് സംഘത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശി സത്യ പറഞ്ഞു.
ബോവെന്‍പള്ളിയിലെത്തിയ സംഘത്തെ വെസ്റ്റ് മറെഡ്പളളിയിലെ കമ്മ്യൂണിറ്റി ഹാളില്‍ എത്തിച്ചു. ഇവിടെ വിശ്രമിക്കുന്നതിനിടെ ലോഗേഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാഗ്പൂര്‍-തെലങ്കാന റൂട്ടില്‍ 38 മുതല്‍ 40 ഡിഗ്രിവരെയാണ് ചൂട്. യാത്രയില്‍ പലരും കുഴഞ്ഞു വീണതായും സംഘത്തിലുള്ളവര്‍ പറയുന്നു.