Wednesday 07 December 2022




ഡിജിറ്റല്‍ മീഡിയയെ നിയന്ത്രിക്കാന്‍ നിയമം; പത്ര രജിസ്‌ട്രേഷന്‍ ലളിതമാക്കും: അനുരാഗ് താക്കൂര്‍

By Shyma Mohan.24 Nov, 2022

imran-azhar

 


ന്യൂഡല്‍ഹി: ഡിജിറ്റല്‍ മീഡിയയെ നിയന്ത്രിക്കാന്‍ കേന്ദ്രം ഉടന്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍.

 

ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങളുടെ വികാസത്തോടെ വാര്‍ത്തകളുടെ വിനിമയം ബഹുമുഖമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ മാധ്യമങ്ങള്‍ അവസരങ്ങളും വെല്ലുവിളികളും സൃഷ്ടിക്കുന്നു. സന്തുലിതാവസ്ഥ കൈവരിക്കാന്‍ ഇക്കാര്യത്തില്‍ എന്ത് ചെയ്യാമെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് ഞാന്‍ പറയും, നിങ്ങളുടെ ജോലി ലളിതവും എളുപ്പവുമാക്കാന്‍ ഞങ്ങള്‍ അത് കൊണ്ടുവരും. ഒരു ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാരെന്നും മഹാനഗര്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ അനുരാഗ് താക്കൂര്‍ പറഞ്ഞു.

 

പത്രങ്ങളുടെ രജിസ്‌ട്രേഷന്‍ പ്രക്രിയ ലളിതമാക്കുമെന്നും 1867ലെ പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ് ആക്ടിന് പകരമായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുതിയ നിയമം കൊണ്ടുവരും. പുതിയ നിയമത്തോടെ ഓണ്‍ലൈന്‍ മോഡ് വഴി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തായിക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം നാല് മാസമെടുക്കും.

 

മാധ്യമങ്ങള്‍ തങ്ങളുടെ ജോലി ഉത്തരവാദിത്തത്തോടെ ചെയ്യണമെന്നും ഭയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചു.