Saturday 24 September 2022




ആശങ്കകള്‍ക്ക് തുടക്കമിട്ട് ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേക്ക് നീങ്ങുന്നു

By parvathyanoop.10 Aug, 2022

imran-azhar

 

ദില്ലി: അപേക്ഷയും അഭ്യര്‍ത്ഥനയും വകവയ്ക്കാതെ ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5 ഹമ്പന്‍തോട്ട തുറമുഖത്തേക്ക് യാത്ര തുടരുന്നു. ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത് നങ്കൂരമിടുന്നതില്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. തുടര്‍ന്ന് കപ്പല്‍ എത്തുന്നത് നീട്ടിവെക്കണമെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശ്രീലങ്കയുടെ ആവശ്യം ചൈന നിരസിച്ചു. ശ്രീലങ്കയില്‍ ചൈനയുടെ സഹായത്തോടെ നിര്‍മിച്ച ഹംബന്‍തോട്ട തുറമുഖത്തേക്കാണ് കപ്പല്‍ എത്തുക.

 

കപ്പല്‍ ഗവേഷണ ആവശ്യത്തിനാണ് എത്തുന്നതെന്നാണ് ചൈനയുടെ വിശദീകരണം. എന്നാല്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് പണം തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഹംബന്‍തോട്ട നിലവില്‍ ചൈന പാട്ടത്തിനെടുത്തിരിക്കുകയാണ്. ഇന്നലെ രാവിലെ 10 മണിയോടെ യുവാന്‍ വാംഗ് ഇന്‍ഡോനേഷ്യയുടെ പടിഞ്ഞാറന്‍ തീരത്ത് മണിക്കൂറില്‍ 26 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുകയായിരുന്നു. ഇന്ധനം നിറയ്ക്കാനെന്ന പേരിലെത്തുന്ന കപ്പല്‍ 17 വരെ ഹംബന്‍തോട്ടയില്‍ തുടരുമെന്നും പറയുന്നു.

 

നേരത്തെ ഷെഡ്യൂള്‍ ചെയ്ത പ്രകാരം ബുധനാഴ്ചയാണ് കപ്പല്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍, വ്യാഴാഴ്ച രാവിലെ 9.30ന് കപ്പല്‍ ഹമ്പന്‍തോട്ട തുറമുഖത്തേക്ക് എത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കയും ചൈനയും തമ്മിലുള്ള സ്വഭാവിക ബന്ധത്തെ തടസ്സപ്പെടുത്തരുതെന്ന് ഇന്ത്യയെ പേരെടുത്ത് പറയാതെ കഴിഞ്ഞ ദിവസം ചൈന പ്രതികരിച്ചിരുന്നു. ഏഴു ദിവസത്തോളമാണ് ചൈനീസ് കപ്പല്‍ തുറമുഖത്ത് നങ്കൂരമിടുക. ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് ചാരക്കപ്പല്‍ യാത്ര നീട്ടണമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം ചൈനീസ് എംബസിയോട് അഭ്യര്‍ഥിച്ചിരുന്നു.

 

ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്‌നലുകള്‍ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തുന്നതില്‍ ഇന്ത്യ കടുത്ത ആശങ്കയാണ് അറിയിച്ചത്. ബഹിരാകാശത്തിനും ഉപഗ്രഹ ട്രാക്കിംഗിനുമായി പ്രവര്‍ത്തിക്കുന്ന കപ്പല്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഉപഗ്രഹ നിയന്ത്രണവും ഗവേഷണ ട്രാക്കിംഗും നടത്തുമെന്നാണ് ചൈന പറയുന്നത്.

 

750 കിലോമീറ്റര്‍ ആകാശപരിധിയിലെ സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നതിനാല്‍ തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ചൈനീസ് കപ്പലിന് ലഭിക്കുമോ എന്ന ആശങ്കയാണ് ഇന്ത്യ ഉയര്‍ത്തിയത്.1948 ന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി ശ്രീലങ്ക അഭിമുഖീകരിക്കുന്ന സമയത്താണ് ചൈനീസ് കപ്പലിന്റെ സന്ദര്‍ശനം. സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യയുടെയും ചൈനയുടെയും സാമ്പത്തിക സഹായം ശ്രീലങ്ക തേടിയിരുന്നു.