Saturday 06 June 2020
കൊറോണക്കാലത്തെ കമ്മ്യൂണിസ്റ്റ് അടിച്ചമര്‍ത്തല്‍

By online desk.17 Mar, 2020

imran-azhar

 


എതിര്‍സ്വരങ്ങളെ എന്നും അടിച്ചമര്‍ത്തിയ ചരിത്രമാണ് ചൈനയ്ക്കും അവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുമുള്ളത്. രാജ്യത്തു പടര്‍ന്നുപിടിച്ചത് ന്യൂമോണിയ അല്ല അപകടകാരിയായ കൊറോണവൈറസ് പടര്‍ത്തുന്ന പകര്‍ച്ചവ്യാധിയാണെന്ന് വിളിച്ചു പറഞ്ഞതിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ട ഡോ. ലീ വെന്‍ ലിയാംഗ്, കോവിഡ് 19 ചൈനയില്‍ നൂറുകണക്കിനാളുകളുടെ ജീവനെടുത്തപ്പോള്‍, ആശുപത്രികളിലെ കെടുകാര്യസ്ഥതയും ദയനീയാവസ്ഥയും അന്താരാഷ്ട്രസമൂഹത്തിന് മുന്നില്‍ വീഡിയോയിലൂടെ എത്തിച്ച യൂട്യൂബര്‍ ചെന്‍ ക്വിഷിക്കും ശേഷം മൂന്നാമതൊരു ചൈനീസ് പൗരന്‍ വളരെ അസ്വാഭാവികമായ രീതിയില്‍ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടിരിക്കുന്നു.

 

കൊറോണാ വൈറസിനെതിരെ പടവാളുമായിറങ്ങിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ 'കോമാളി' എന്നുവിളിച്ചതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്ന പ്രസിദ്ധനായ റിയല്‍ എസ്റ്റേറ്റ് കമ്പനി മേധാവി റെന്‍ സിക്വിയാംഗിനെയാണ് കാണാതായത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ അംഗമായ അദ്ദേഹത്തെ മാര്‍ച്ച് 12 മുതല്‍ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ സ്‌നേഹിതര്‍ അന്താരാഷ്ട്ര ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സുഹൃത്തുക്കളില്‍ പലരും അന്നു മുതല്‍ അദ്ദേഹത്തെ അന്വേഷിക്കുകയാണെന്നും എവിടെയാണുള്ളതെന്ന് യാതൊരു നിശ്ചയവുമില്ലെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹ്വായുവാന്‍ റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയുടെ തലവനായിരുന്നു അദ്ദേഹം.

 

' റെന്‍ സിക്വിയാംഗ് അറിയപ്പടുന്ന ഒരു പൊതുപ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹത്തെ കാണാതായതില്‍ ഞങ്ങള്‍ക്കെല്ലാം വല്ലാത്ത ആശങ്കയുണ്ട്. തിരോധാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സര്‍ക്കാര്‍ ഏജന്‍സി ഏതായാലും അദ്ദേഹം ഇന്നെവിടെയാണ് എന്ന വിവരം പൊതുജനങ്ങളോട് വെളിപ്പെടുത്താന്‍ ബാധ്യസ്ഥരാണ്. ' റാങ് യിംഗ് എന്ന അദ്ദേഹത്തിന്റെ അടുത്ത സ്‌നേഹിത റോയിട്ടേഴ്‌സിനോട് പറഞ്ഞു.ഷീ ജിന്‍പിംഗ് കഴിഞ്ഞ ഫെബ്രുവരി 23ന്, രാജ്യത്തെ രണ്ടുലക്ഷത്തോളം വരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കുവേണ്ടി ടെലി കോണ്‍ഫറന്‍സിംഗ് വഴി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ചു കൊണ്ടെഴുതിയ ഒരു ലേഖനം റെന്‍ തന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ പങ്കുവച്ചു.

 

ഈ ലേഖനം പിന്നീട് സാമൂഹ്യമാദ്ധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും വിവാദത്തിന് തിരികൊളുത്തുകയുമായിരുന്നു. ഷിയുടെ പ്രസംഗം ഇഴകീറി പരിശോധിച്ച റെന്‍ തന്റെ ലേഖനത്തില്‍ എഴുതിയതിങ്ങനെ, ' ഞാന്‍ ആ പോഡിയത്തില്‍ കണ്ടത് തന്റെ പുത്തനുടുപ്പുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നൊരു ചക്രവര്‍ത്തിയെ അല്ല.! മറിച്ച് പൂര്‍ണ്ണ നഗ്‌നനായി നില്‍ക്കുന്ന, ചക്രവര്‍ത്തിപദത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ പെടാപ്പാടു പെടുന്നൊരു 'കോമാളി'യെയാണ്.' പാര്‍ട്ടിയില്‍ ഭരണ സ്തംഭനവും രാജ്യത്ത് മാദ്ധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരമില്ലാത്തതുമാണ് കോവിഡ് 19 പോലൊരു മഹാമാരിയെ നിയന്ത്രണാധീനമാക്കാന്‍ ഇത്രയും താമസിച്ചതെന്നും റെന്‍ പറഞ്ഞിരുന്നു.

 

കാണാതായ യുട്യൂബര്‍

 

ചെന്‍ ക്വിഷി എന്ന ഒരു യൂട്യൂബറെയും കഴിഞ്ഞ മാസം മുതല്‍ കാണാതായിട്ടുണ്ട്. തന്റെ മകനെ ഗവണ്‍മെന്റ് ഉ•ൂലനം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന് പരാതിപ്പെട്ട്് ചെന്നിന്റെ അമ്മ രംഗത്തെത്തിയിട്ടുണ്ട്. ഗവണ്മെന്റിന്റെ കെടുകാര്യസ്ഥതയെപ്പറ്റിയുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പുറംലോകത്തെ അറിയിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ ചെന്‍ ക്വിഷിയെ നിശ്ശബ്ദനാക്കിയോ എന്ന ആശങ്കകള്‍ ചൈനീസ് മാദ്ധ്യമലോകത്ത് പരക്കുകയാണ്. ഒരു സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തകന്‍ എന്നതിലുപരി അറിയപ്പെടുന്ന ഒരു മനുഷ്യാവകാശപ്രവര്‍ത്തകനും അഭിഭാഷകനുമാണ് ചെന്‍ ക്വിഷി.

 

ചൈനയിലെ ആശുപത്രികള്‍ നേരിട്ട് സന്ദര്‍ശിച്ചപ്പോള്‍ താന്‍ കണ്ട ദുരിതം നിറഞ്ഞ കാഴ്ചകളെപ്പറ്റി ക്വിഷി തന്റെ വീഡിയോകളിലൂടെ വിവരിച്ചു. രോഗികള്‍ നിറഞ്ഞു കവിഞ്ഞ ആശുപത്രികള്‍. കിടക്കാനിടമില്ലാതെ ഇടനാഴികളിലും മറ്റും നിലത്ത് വിരിപ്പുവിരിച്ച്, ഓക്്‌സിജന്‍ സിലിണ്ടറും ഘടിപ്പിച്ച് കിടത്തിയിരിക്കുന്നു അവരില്‍ പലരെയും. വീല്‍ ചെയറില്‍ മരിച്ചു കിടക്കുന്ന ഒരാളെ കൈയില്‍ ചേര്‍ത്ത് പിടിച്ചുനില്‍ക്കുന്ന ഒരു സ്ത്രീയെയും ക്വിഷി തന്റെ കാമറയില്‍ പകര്‍ത്തി യൂട്യൂബിലൂടെ ലോകത്തെ കാണിച്ചിരുന്നു.

 

ലോകത്തിന് മുന്നില്‍ വാര്‍ത്തകളെത്തിക്കാന്‍ വേണ്ടി ചൈനീസ് ഗവണ്‍മെന്റ്് അംഗീകൃത റിപ്പോര്‍ട്ടര്‍മാര്‍ ഹാസ്മാത്ത് സ്യൂട്ടുകളും മറ്റും ധരിച്ച് മാസ്‌കും സേഫ്റ്റി ഗോഗിളുകളും ഒക്കെ ഇട്ടുകൊണ്ട് ആശുപത്രികള്‍ സന്ദര്‍ശിച്ചപ്പോള്‍, അതില്‍ നിന്ന് വ്യത്യസ്തനായി ക്വിഷി ധരിച്ചിരുന്നത് വെറുമൊരു സാധാരണ മാസ്‌കും കണ്ണ് സംരക്ഷിക്കാന്‍ വേണ്ടി ഒരു സേഫ്റ്റി ഗോഗിളും മാത്രമാണ്. എന്നാല്‍ സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് റിപ്പോര്‍ട്ടര്‍മാരുടെ പ്രക്ഷേപണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെന്നിന്റെ വീഡിയോകളില്‍ കുറച്ചുകൂടി ദൃശ്യങ്ങള്‍ സത്യസന്ധമായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏതോ ഡിറ്റെന്‍ഷന്‍ സെന്ററില്‍ അടച്ചിരിക്കുകയാണ് ചെന്‍ ക്വിഷിയെ എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവരുടെ ഊഹം.

 

കൊറോണ ആദ്യം തിരിച്ചറിഞ്ഞ ഡോക്ടറുടെ അന്ത്യം

 

കൊറോണാവൈറസ് ബാധയെപ്പറ്റി ആദ്യം ലോകത്തെ അറിയിച്ച ഡോ. ലീ വെന്‍ ലിയാംഗിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കാട്ടുതീ പോലെ രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന ആ പനി, വെറുമൊരു ന്യൂമോണിയ അല്ല, അപകടകാരിയാണ്. നോവല്‍ കൊറോണവൈറസ് ന്യുമോണിയ എന്ന അസുഖമാണത്. ഉടനടി നിയന്ത്രിച്ചില്ലെങ്കില്‍ രോഗബാധ നിയന്ത്രിക്കാന്‍ കഴിയാതെ വരുമെന്നും ലി വെന്‍ലിയാംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ അഭിനന്ദനങ്ങള്‍ക്കു പകരം, ഡോ. ലീയുടെ ഇടപെടലുകള്‍ ഭരണകൂടത്തില്‍ അപ്രീതിയാണുണ്ടാക്കിയത്.

 

ഒടുവില്‍ അദ്ദേഹം അറസ്റ്റിലായി. പിന്നീട് അദ്ദേഹത്തിന് കൊറോണാ വൈറസ് ബാധയുണ്ടാവുകയും അസുഖം മൂര്‍ച്ഛിച്ച് മരിക്കുകയുമായിരുന്നു. രോഗബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്്ത വുഹാനിലായിരുന്നു ലി വെന്‍ലിയാംഗ് ജോലി ചെയ്തിരുന്നത്. രാജ്യത്ത് സ്വതവേ കര്‍ശനമായ പ്രസ് സെന്‍സര്‍ഷിപ്പ്, കൊറോണയുടെ പേരില്‍ ഒന്നുകൂടി കടുപ്പിക്കുകയാണ് ഷീ ജിന്‍ പിംഗ് ചെയ്തത്. അതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവരുടെ നാവരിഞ്ഞു കൊണ്ടിരിക്കുകയാണ് ഷീ ചെയ്യുന്നത് എന്ന പരാതി വ്യാപകമാണ്. റെന്‍ സിക്വിയാംഗിന്റെ തിരോധാനം ജനങ്ങളില്‍ വീണ്ടും കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.