Wednesday 08 April 2020




കൊറോണ; ആലപ്പുഴയില്‍ ഒരാളെ ആശുപത്രിയിലാക്കി

By online desk.19 Feb, 2020

imran-azhar

 

ആലപ്പുഴ: കൊറോണ ബാധയുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഒരാളെ വണ്ടാനം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. കൊറോണ ബാധ നേരിടുന്നതിന് പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ തന്നെ പ്രവര്‍ത്തിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബില്‍ രക്തം പരിശോധനയ്ക്ക് അയച്ചു. പനിയും ചുമയും അടക്കം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച സാഹചര്യത്തിലാണിത്.

 

അതിനിടെ കൊറോണ വൈറസ് വ്യാപിച്ച വുഹാനില്‍ നിന്ന് ഒഴിപ്പിച്ച് ഇന്ത്യയിലെത്തിച്ച രണ്ടാം സംഘത്തിലെ 220 പേര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചത് ആശ്വാസമായി. ഹരിയാന മനേസറിലെ ക്യാമ്പില്‍ നിന്ന് ഇവരെ വീടുകളിലേക്ക് അയക്കും. കഴിഞ്ഞ ദിവസം ദില്ലി ചാവ്‌ലയിലെ ക്യാമ്പിലുള്ള 324 പേര്‍ക്കും രോഗമില്ലെന്ന് കണ്ടെത്തിയിരുന്നു. അമ്പതിലേറെ മലയാളികളാണ് ഇരു ക്യാമ്പിലുമുള്ളത്. രോഗമില്ലെന്ന് കണ്ടെത്തിയ മലയാളികളുടെ ആദ്യ സംഘം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തും.

 

രോഗ ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,868 ആയി. 2000 ലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ചൈനയില്‍ മാത്രം കൊറോണ ബാധിധരുടെ എണ്ണം 72000 കടന്നു. സാര്‍സ് പോലെയോ മെര്‍സ് പോലെയോ മാരകമല്ല കൊറോണയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വൈറസ് ബാധിച്ചവരില്‍ 80 ശതമാനം പേരും രക്ഷപ്പെടുന്നുണ്ടെന്ന് ഡബ്ലുഎച്ച്ഒ അറിയിച്ചു. 14 ശതമാനം പേര്‍ മാത്രമാണ് ഗുരുതരമായ അവസ്ഥയിലെത്തുകയോ മരിക്കുകയോ ചെയ്യുന്നത്. കുട്ടികളില്‍ കൊറോണ മരണ നിരക്ക് കുറവാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.