Saturday 06 June 2020
അഭയാര്‍ത്ഥി ക്യാമ്പുകളിലെ കൊറോണഭീതി

By online desk.17 Mar, 2020

imran-azhar

 


ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലെ കുപ്രസിദ്ധമായ ക്യാമ്പാണ് മോറിയ. വെറും 2,800 പേര്‍ക്കായി നിര്‍മ്മിച്ച അവിടത്തെ ക്യാമ്പില്‍ തങ്ങുന്നത് 26,000 കുടിയേറ്റക്കാരാണ്. മാലിന്യത്തിന്റെ നടുക്കാണ് അവര്‍ കഴിയുന്നത്. ശുദ്ധവെള്ളമോ ഭക്ഷണമോ ഇല്ലാതെ നരകിക്കുകയാണ് അവര്‍. ഒന്ന് കുളിക്കണമെങ്കില്‍ പ്പോലും നീണ്ടനിരയില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കണം. വൃത്തിഹീനമായ സാഹചര്യത്തില്‍ ചുണങ്ങും പേനും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി ദുരിതമനുഭവിക്കുകയാണ് അവിടെ ജനങ്ങള്‍. ഇന്ന് ലോകം മുഴുവന്‍ കോറോണയുടെ പിടിയിലമരുമ്പോള്‍ അവരും ഭീതിയിലാണ്. കാരണം ഈ വൃത്തിഹീനമായ ക്യാമ്പുകളില്‍ കൊറോണ ബാധിച്ചാല്‍ എന്താവും എന്ന ഭീതിയിലാണ് അവര്‍.

 

കൊറോണ വൈറസ് യൂറോപ്പില്‍ പിടിമുറുക്കുമ്പോള്‍ ഈ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങള്‍ ഭീതിയുടെ നിഴലിലാണ്. ആശങ്കകള്‍ രൂക്ഷമായിത്തീര്‍ന്നതിനാല്‍ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടന മോറിയയെയും ഗ്രീക്ക് ദ്വീപുകളിലെ മറ്റുള്ളവരെയും ഉടന്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസിന്റെ ആദ്യ കേസ് ലെസ്‌ബോസില്‍ സ്ഥിരീകരിച്ചതിനുശേഷം ഈ അവസ്ഥയെക്കുറിച്ചുള്ള ഭയം ദിവസം ചെല്ലുംതോറും വര്‍ദ്ധിക്കുകയാണ്. വൈറസിനെ ചെറുക്കാന്‍ ആളുകള്‍ തമ്മില്‍ അകലം പാലിക്കണമെന്നും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകണമെന്നും വൃത്തി ശീലിക്കണമെന്നുമുള്ള കാര്യങ്ങള്‍ ആ ക്യാമ്പുകളില്‍ നടപ്പിലാക്കാന്‍ സാധിക്കില്ല എന്നതാണ് ഈ ആശങ്കയ്ക്ക് കാരണം.'മോറിയ ക്യാമ്പില്‍ ആവശ്യത്തിന് വെള്ളവും സോപ്പും ലഭ്യമല്ല. ചില ഭാഗങ്ങളില്‍ ഓരോ 1,300 ആളുകള്‍ക്കും ഒരു വാട്ടര്‍ ടാപ്പ് മാത്രമേയുള്ളൂ. മൂന്ന് ചതുരശ്ര മീറ്ററിനകത്ത് അഞ്ചോ ആറോ കുടുംബങ്ങള്‍ ചേര്‍ന്നാണ് രാത്രി ഉറങ്ങുന്നത്. വൈറസ് പടരാതിരിക്കാന്‍ പതിവായി കൈ കഴുകല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നീ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക അസാദ്ധ്യമാണ്' ഗ്രീസിലെ ഓര്‍ഗനൈസേഷന്റെ മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ ഹില്‍ഡ് വോച്ചെന്‍ പറഞ്ഞു.


അഭയാര്‍ത്ഥികള്‍ക്കിടയില്‍ കൊറോണ പൊട്ടിപ്പുറപ്പെടാതിരിക്കാന്‍ സഹായ ഏജന്‍സികള്‍ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. രോഗനിര്‍ണയ പരിശോധന നടത്താന്‍ ലാബുകള്‍ സജ്ജമാക്കുകയും പുതിയ ശൗചാലയങ്ങളും കൈകഴുകുന്നതിനും മറ്റുമുള്ള സൗകര്യങ്ങളും നിര്‍മ്മിക്കുകയും ശുചിത്വത്തെക്കുറിച്ച് അവബോധം വ്യാപിപ്പിക്കുകയും ചെയ്യുന്നതിനുള്ള അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. അവര്‍ക്കിടയില്‍ വൈറസെങ്ങാനും പൊട്ടിപ്പുറപ്പെട്ടാല്‍ അതിവേഗം ഒരു ദുരന്തമായി അത് മാറിയേക്കാം.

 

അതുപോലെയാണ് സിറിയയിലെ ഇഡ്ലിബ് പ്രവിശ്യ പോലുള്ള സ്ഥലങ്ങളും. തുര്‍ക്കി പിന്തുണയുള്ള വിമതരും റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ ഭരണകൂടങ്ങളും തമ്മിലുള്ള കനത്ത പോരാട്ടം ഈ പ്രദേശത്തെ തകര്‍ത്തിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ ഏകദേശം ഒരു ദശലക്ഷം ആളുകളെ തുര്‍ക്കി അതിര്‍ത്തിയിലേക്ക് അയക്കുകയും ചെയ്തിരുന്നു. വൈറസ് ആളുകള്‍ക്കിടയില്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നുവെങ്കിലും ഒരു ദശലക്ഷത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന അവിടം നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്.

 

യുഎന്‍ കണക്കുകള്‍ പ്രകാരം ആറ് ദശലക്ഷം പേര്‍ സിറിയയില്‍ തന്നെ അഭയാര്‍ത്ഥികളാണ്. അതില്‍ 290,000 പേര്‍ ക്യാമ്പുകളില്‍ താമസിക്കുന്നു, ബാക്കിയുള്ളവര്‍ മറ്റ് ക്രമീകരണങ്ങളില്‍ താമസിക്കുന്നു. എന്നാല്‍ തീര്‍ത്തും നിരാശാജനകമായ സാഹചര്യത്തിലാണ് അവര്‍ കഴിയുന്നത്. ലോകത്തെവിടെയും അഭയാര്‍ത്ഥികള്‍ക്ക് കോവിഡ് 19 കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് യുഎന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി അഭിപ്രായപ്പെട്ടു. പക്ഷേ, അത് ആശ്വാസകരമാണ് എന്ന് പറയാന്‍ കഴിയില്ല. ലോകത്തിന്റെ പല ഭാഗത്തും അത് വ്യാപിക്കുമ്പോള്‍ ക്യാമ്പുകളില്‍ വൈറസ് ബാധിച്ചേക്കാം. ഒരിക്കല്‍ വൈറസ് വ്യാപിക്കാന്‍ തുടങ്ങിയാല്‍ അതിനെ പിടിച്ച് കെട്ടാന്‍ പ്രയാസമാകും. പിന്നീട് ഒരു വലിയ ദുരന്തത്തിലായിരിക്കും അത് അവസാനിക്കുക.

 

കോവിഡ്19 കേസുകള്‍ ക്യാമ്പുകളോട് കൂടുതല്‍ അടുത്താണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നതും ഭീതിയ്ക്ക് ഇടയാക്കുന്നു. രാജ്യത്ത് കൊറോണ വൈറസ് ഇല്ലെന്ന് സിറിയന്‍ സര്‍ക്കാര്‍ പറയുമ്പോഴും ഭരണകൂട അനുകൂലികള്‍ പോലും അത് സംശയത്തോടെയാണ് കാണുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത അവിടെ വളരെ ഉയര്‍ന്നതാണെന്ന് ലോകാരോഗ്യ സംഘടന കരുതുന്നു. 3.7 ദശലക്ഷം സിറിയന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന തുര്‍ക്കി ഉള്‍പ്പെടെയുള്ള സിറിയയുടെ അഞ്ച് അയല്‍ രാജ്യങ്ങളിലും കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ഇറ്റലിയിലും സെര്‍ബിയയിലും താമസിക്കുന്ന അഭയാര്‍ത്ഥികളുടെ സ്ഥിതിയും മറ്റൊന്നല്ല. ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും അതിന്റെ വ്യാപനം തടയാന്‍ പാടുപെടുകയാണ് ലോകരാജ്യങ്ങള്‍. അപ്പോള്‍ വേണ്ടത്ര മുന്‍കരുതലുകളില്ലാതെ, വൃത്തിഹീനമായ സാഹചര്യത്തില്‍ അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇങ്ങനെ തുടര്‍ന്നാല്‍, അവിടം ഒരു വലിയ ദുരന്തഭൂമിയാകാന്‍ അധികം താമസം വേണ്ട. ഇത് ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണം.