Tuesday 02 June 2020




ഗോ എയര്‍ ജീവനക്കാരുടെ ശമ്പളം കുറച്ചു

By online desk .27 Mar, 2020

imran-azhar




മുംബയ്: കോവിഡ് 19 മായി ബന്ധപ്പെട്ട് വിമാന സര്‍വീസുകള്‍ പ്രതിസന്ധിയിലായതിനാല്‍ ജീവനക്കാരുടെ ശമ്പളം നിശ്ചിത അളവില്‍ വെട്ടിക്കുറയ്ക്കുമെന്ന് ഗോ എയര്‍. ഈ മാസം മുതല്‍ ഇത് നടപ്പിലാക്കിയെന്ന്് കമ്പനി ജീവനക്കാരെ അറിയിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നടത്താനാകാത്ത കാര്യം കമ്പനി ചൂണ്ടിക്കാട്ടി.

 

ജീവനക്കാരുടെ പദവിയുടെ അടിസ്ഥാനത്തിലാകും ശമ്പളം കുറയ്ക്കുന്നതിന്റെ തോത് കണക്കാക്കുക. കുറഞ്ഞ വേതനക്കാരുടെ ശമ്പളത്തില്‍ അധികം ഇടിവുണ്ടാകാത്ത രീതിയായിരിക്കും സ്വീകരിക്കുക. കമ്പനി മാനേജ്‌മെന്റിലെ ഉന്നതരുടെ ശമ്പളം പകുതിയായി കുറയ്ക്കും.

 

നിലവിലെ സ്ഥിതിയില്‍ പ്രതിസന്ധി മറികടക്കാന്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ ഇന്ത്യയിലെ സര്‍ക്കാരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന്് ഗോ എയര്‍ വക്താവ് പറഞ്ഞു.

 

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്് ജീവനക്കാരില്‍ കുറച്ചു പേര്‍ക്ക് വീതം ശമ്പളമില്ലാതെ ഏതാനും ദിവസങ്ങളില്‍ അവധി അനുവദിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതു വഴി ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകുന്ന ലക്ഷ്യത്തിലാണിത്. ഇത് ജീവനക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് അറിയാമെങ്കിലും മറ്റ് രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ സ്വീകരിച്ച നടപടികള്‍ പഠിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നാണ് അന്ന് ഗോ എയര്‍ അറിയിച്ചത്. വിദേശ പൈലറ്റുമാരെ പിരിച്ചുവിടുകയും ചെയ്തു.

 

കാര്യങ്ങള്‍ ശരിയാകുമ്പോള്‍ ജീവനക്കാരുടെ ഇപ്പോഴത്തെ ത്യാഗത്തിന് പരിഹാരം കാണുമെന്ന് വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള വിമാന കമ്പനി അറിയിച്ചു.