Sunday 07 June 2020




ചൈനയില്‍ നിന്ന് വാങ്ങിയ മാസ്‌ക്കുകളും പരിശോധനാ കിറ്റുകളും തിരിച്ചയച്ച് രാജ്യങ്ങള്‍; നിലവാരം ഇല്ലെന്ന് ആരോപണം

By Online Desk .09 Apr, 2020

imran-azhar

 

ന്യൂഡല്‍ഹി: കോവിഡ് 19 പശ്ചാത്തലത്തിൽ ചൈനയില്‍ നിന്നെത്തിയ മാസ്‌ക്കുകളും പരിശോധനാ കിറ്റുകളും തിരിച്ചയച്ച് രാജ്യങ്ങൾ. നിലവാരം ഇല്ലെന്ന് ആരോപിച്ചാണ് പല രാജ്യങ്ങളും അവ തിരിച്ചയ്ക്കുന്നത്. 20 ലക്ഷത്തോളം സര്‍ജിക്കല്‍ മാസ്‌ക്കുകളും 230,000 റെസ്പിരേറ്ററി മാസ്‌ക്കുകളുമാണ് ചൈനയില്‍നിന്ന് ഫിന്‍ലാന്‍ഡിലേക്ക് എത്തിയത്. എന്നാൽ ഇവ തങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നവയല്ലെന്നാണ് ഫിന്‍ലാന്‍ഡ് അധികൃതര്‍ പറയുന്നത്. ആശുപത്രികളില്‍ ഇവ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും പകരം റെസിഡന്‍ഷ്യല്‍ മേഖലകളിലും ഗൃഹസന്ദര്‍ശന വേളയിലും മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂവെന്നും ഫിന്‍ലാന്‍ഡ് ആരോഗ്യമന്ത്രി പറഞ്ഞു.

 

അഞ്ച് ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകളും 50,000 റെസ്പിരേറ്ററി മാസ്‌ക്കുകളും ദിവസവും ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ രണ്ട് ലക്ഷം മാസ്‌ക്കുകള്‍ മാത്രമാണ് നിലവില്‍ ആഭ്യന്തര കമ്പനികള്‍ മുഖേന ഫിന്‍ലാന്‍ഡില്‍ ഉത്പാദിപ്പിക്കാനാകുക. കഴിഞ്ഞ ആഴ്ചകളില്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ നിലവാരമില്ലെന്ന് കണ്ട് സ്‌പെയിന്‍, നെതര്‍ലാന്‍ഡ്, തുര്‍ക്കി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ തിരിച്ചയച്ചിരുന്നു. ആഗോളതലത്തില്‍ ചൈനയ്ക്ക് ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. എന്നാൽ വാങ്ങിയ രാജ്യങ്ങള്‍ ഉത്പന്നങ്ങള്‍ കൃത്യമായി പരിശോധിച്ചിരുന്നില്ലെന്ന് ചൈനീസ് അധികൃതര്‍ വിമര്‍ശിച്ചു.

 

കാനഡയിലെ ടൊറോന്റോയിലേക്ക് കൊണ്ടുവന്ന 62,600 മാസ്‌ക്കുകളാണ് ബുധനാഴ്ച ചൈനയിലേക്ക് തിരിച്ചയച്ചത്. ചൈനയില്‍നിന്ന് നിന്ന് 3,40,000 പരിശോധന കിറ്റുകളാണ് സ്‌പെയിന്‍ ഇറക്കുമതി ചെയ്തത്. ഇതില്‍ 60,000 എണ്ണം കോവിഡ്-19 രോഗപരിശോധന കൃത്യമായി നടത്താന്‍ പര്യാപ്തമല്ലെന്നാണ് സ്പെയിൻ ആരോപിച്ചിരിക്കുന്നത്. എന്നാല്‍ സ്‌പെയിന്‍ കിറ്റുകള്‍ വാങ്ങിയ ചൈനീസ് കമ്പനിക്ക് ഇതിനുള്ള ഔദ്യോഗിക ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നാണ് സ്‌പെയിനിലെ ചൈനീസ് എംബസിയുടെ വിശദീകരണം. 
തുര്‍ക്കി വാങ്ങിയ പരിശോധന കിറ്റുകള്‍ക്കും ഇത് തന്നെയാണ് സംഭവിച്ചത്. ആറ് ലക്ഷം മാസ്‌ക്കുകളാണ് നെതര്‍ലാന്‍ഡ് ചൈനയിലേക്ക് തിരിച്ചയച്ചത്.