Sunday 18 April 2021




കേരളത്തിന് ആശ്വസിക്കാം; കോവിഡ് കേസുകളില്‍ കുറവില്ലെങ്കിലും ആര്‍ വാല്യു താഴേക്ക്; ആര്‍ വാല്യു എന്തെന്നറിയാം

By Rajesh Kumar.28 Feb, 2021

imran-azhar

 

 ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തുടരുമ്പോഴും കേരളത്തിന് ആശ്വാസ വാര്‍ത്ത. പ്രതിദിന കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് ഉണ്ടാകുന്നില്ലെങ്കിലും വൈറസ് വ്യാപനം കുറയുകയാണ്.

 

വൈറസ് വ്യാപനത്തിന്റെ സൂചികയായ ആര്‍ വാല്യു അഥവാ റീപ്രൊഡക്ഷന്‍ നമ്പറില്‍ കാര്യമായ കുറവാണ് ഉണ്ടായത്. വൈറസ് വ്യാപന വേഗത്തിന്റെ സൂചികയാണ് ആര്‍ വാല്യു.

 

നിലവില്‍ രാജ്യത്തെ പ്രതിദിന കേസുകളില്‍ കേരളം രണ്ടാമതാണ്. എന്നാല്‍, ആര്‍ വാല്യു 0.9 ല്‍ നിന്ന് 0.87 ആയി കുറഞ്ഞതാണ് ആശ്വാസം നല്‍കുന്നത്.

 

ആര്‍ വാല്യു 1 നു മുകളിലാകുന്നതു കോവിഡ് കൂടുതല്‍ വ്യാപിക്കുന്നതിന്റെ സൂചനയാണ്. കോവിഡിന്റെ തുടക്ക ഘട്ടത്തില്‍ 1.7 ആയിരുന്നു രാജ്യത്ത് ആര്‍ വാല്യു. ഇത് 1.83 ആയതോടെ വൈറസ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

 

പിന്നീട് ഒന്നിനു താഴേക്കെത്തിയ ആര്‍ വാല്യു നവംബറില്‍ വീണ്ടും ഒന്നിനു മുകളിലേക്കു പോയി. എന്നാണ് ഇത് അധികം നീണ്ടുനിന്നില്ല.

 

കേരളത്തില്‍ നിന്നു വ്യത്യസ്തമാണ് രാജ്യത്തെ പൊതുസ്ഥിതി. കോവിഡ് കൂടുന്നതിന്റെ സൂചന നല്‍കി ആര്‍ വാല്യു 1.02 ആയി വര്‍ധിച്ചു. കഴിഞ്ഞ ആഴ്ച ഇത് 0.93 ആയിരുന്നു.

 

പുതിയ കേസുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന 16 സംസ്ഥാനങ്ങളില്‍ പകുതിയെണ്ണത്തിലും ആര്‍ വാല്യു ഒന്നിനു മുകളിലാണ്. കഴിഞ്ഞ രണ്ടാഴ്ചകളില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍-1.18. കര്‍ണാടക, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ അവസ്ഥയും ആശങ്ക ഉണ്ടാക്കുന്നതാണ്.