Sunday 07 June 2020




ഡൽഹി കലാപം: 42 മരണം, പരിക്കേറ്റത് 200ലേറെ പേർക്ക്, കൂടുതൽ പേർ പിടിയിലാകുമെന്ന് പോലീസ്

By Sooraj Surendran.28 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് നടന്ന ആക്രമണങ്ങളിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 42 കടന്നു. സംഭവവുമായി ബന്ധപ്പെട്ട് 514 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉടൻ കൂടുതൽ പേർ പിടിയിലാകുമെന്നും ഡൽഹി പോലീസ് അറിയിച്ചു. ഡൽഹിയിലെ പല ഭാഗങ്ങളിലായി നടന്ന ആക്രമണങ്ങളിൽ 200ലേറെ പേർക്കാണ് പരിക്കേറ്റത്. ഇതിൽ പലരുടെയും നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. അതേസമയം ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ചിത്രങ്ങളോ, ദൃശ്യങ്ങളോ കൈവശമുള്ളവർ എത്രയും വേഗം പൊലീസിന് കൈമാറണമെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. വിവരങ്ങൾ കൈമാറുന്നതിനായി ടോൾഫ്രീ നമ്പറുകളും ഏർപ്പെടുത്തിയിട്ടുണ്ട്. 8750871221, 8750871227 ഇവയാണ് ടോൾഫ്രീ നമ്പറുകൾ.

 

അതേസമയം വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തി. "69 മണിക്കൂറുകള്‍ നീണ്ട നിശബ്ദതയ്‌ക്കൊടുവില്‍ നമ്മുടെ സഹോദരി സഹോദരന്മാരോട് സംസാരിക്കാന്‍ തയ്യാറായതിന് നന്ദിയുണ്ട് മോദിജി" എന്നായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം. ഡൽഹിയിൽ കലാപം നടക്കുമ്പോൾ അഹമ്മദാബാദിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വിരുന്നൊരുക്കുകയായിരുന്നു മോദി. ബുധനാഴ്ചയാണ് സമാധാനം നിലനിർത്തണമെന്നാവശ്യപ്പെട്ട് മോദി ട്വീറ്റ് ചെയ്തത്. ഡൽഹി കലാപത്തിനെതിരെ മോദിക്കെതിരെ പ്രതിപക്ഷത്ത് നിന്നും രൂക്ഷ വിമർശനമാണ് ഉയരുന്നത്.