Thursday 02 April 2020




റഷ്യന്‍ ഭരണഘടനയില്‍ ദൈവത്തിന് സ്ഥാനമുണ്ടാകുമോ

By online desk.17 Feb, 2020

imran-azhar

 

 

കാള്‍ മാര്‍ക്‌സ് എന്ന ജര്‍മ്മന്‍ കമ്യൂണിസ്റ്റ് സൈദ്ധാന്തികനാണ് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്' പറഞ്ഞത്. മതങ്ങളും അവയുടെ വിശ്വാസകേന്ദ്രങ്ങളായ ദൈവങ്ങളും ദേവാലയങ്ങളും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ചൂഷണം ചെയ്യാനും അവരെ മയക്കാനുമുള്ള ബൂര്‍ഷ്വാസികളുടെ സൂത്രങ്ങളാണെന്ന് മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ചിന്താധാരകള്‍ കരുതിയിരുന്നു. ലെനിന് ശേഷമുള്ള സോവിയറ്റ് റഷ്യയും മാവോയ്ക്കു ശേഷമുള്ള പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയും നാസ്തികത സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാക്കിയിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി സഖാക്കള്‍ക്ക് പ്രാഥമികാംഗത്വം കിട്ടാനുള്ള പ്രഥമയോഗ്യത ലക്ഷണമൊത്ത ഒരു യുക്തിവാദി ആവുകയെന്നതായിരുന്നു.

 

എന്നാല്‍, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കാര്യങ്ങളൊക്കെ മാറി മറിയുകയാണ്. കമ്യൂണിസത്തിന്റെ കളിത്തൊട്ടിലായ റഷ്യയില്‍ 'നിരീശ്വരന്മാരായ കമ്യൂണിസ്റ്റുകള്‍' എന്ന് ഒന്നോ രണ്ടോ പതിറ്റാണ്ടു മുമ്പുവരെ വിളിക്കപ്പെട്ടിരുന്ന കോമ്രേഡുകള്‍ ഇപ്പോള്‍ ഒരു ബില്ലിനെ പിന്തുണച്ചിരിക്കുകയാണ്. റഷ്യന്‍ ഭരണഘടനയില്‍ 'ദൈവം' എന്ന പദം എഴുതിച്ചേര്‍ക്കാന്‍ വേണ്ടിയുള്ള ബില്ലാണത്. ബോള്‍ഷെവിക്ക് വിപ്ലവത്തിന് ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോഴേക്കും റഷ്യയുടെ സാമൂഹിക സാഹചര്യം വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. പാര്‍ട്ടിയുടെ ഒരു നൂറ്റാണ്ടായുള്ള നിലപാടിന് കടകവിരുദ്ധമായി നില്‍ക്കുന്ന, ഇപ്പോഴത്തെ നേതാവ് ഗെന്നഡി സ്യുഗാനോവ് പറയുന്ന കാരണങ്ങള്‍ പലര്‍ക്കും ദഹിക്കുന്നതല്ല.

 

'മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന മാര്‍ക്്സിയന്‍ സങ്കല്പമൊക്കെ തോട്ടിലെറിഞ്ഞ സ്യുഗാനോവ് പറയുന്നത് 'കമ്യൂണിസം സത്യത്തില്‍ ക്രിസ്ത്യാനിറ്റിയില്‍ നിന്നുത്ഭവിച്ചതാണെന്നാണ്. ആ സങ്കല്പത്തെ അദ്ദേഹം വിശദീകരിക്കുന്നതു കേട്ടാല്‍, സഖാവ് ലെനിന്‍ തന്റെ കുഴിമാടത്തിനുള്ളില്‍ കിടന്നു ഞെളിപിരി കൊളളും. അത്രയ്ക്ക് മാരകമാണ് ആ ബൈബിള്‍ വ്യാഖ്യാനം. 'ഞാന്‍ ബൈബിളിലെ പോള്‍ എന്ന അപ്പോസ്തലന്റെ വചനങ്ങള്‍ പഠിച്ചപ്പോള്‍, അതില്‍ കണ്ടത് കമ്യൂണിസത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളില്‍ ഒന്നായിരുന്നു. 'പണിയെടുക്കാത്തവന്‍ കഴിക്കുന്നില്ല' എന്ന് അതില്‍ പറയുന്നുണ്ട്.' 'സത്യം പറഞ്ഞാല്‍, കമ്യൂണിസത്തിന്റെ കട്ടകള്‍ അടുക്കി വച്ചിട്ടുള്ളത് ബൈബിളിന്റെ അസ്തിവാരത്തിന്മേലാണ്' എന്നൊക്കെയാണ് അദ്ദേഹത്തിന്റെ സുവിശേഷങ്ങള്‍.

 


റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷനും സഭയിലെ മറ്റംഗങ്ങള്‍ക്കും സ്യുഗാനോവിന്റെ ഈ വാക്കുകള്‍ കാതില്‍ തേന്മഴയാണ്. ലെനിന്റേയും സ്റ്റാലിന്റെയും പിന്നീട് ക്രൂഷ്ചേവിന്റെയും കാലത്ത് റഷ്യന്‍ കമ്യൂണിസ്റ്റ്് പാര്‍ട്ടി ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തിയ ഹിംസ, പുരോഹിതന്മാരെയും വിശ്വാസികളെയും പള്ളിക്കാരെയും അവര്‍ നിര്‍ദാക്ഷിണ്യം കൊന്നുതള്ളിയത് ഒന്നും അത്രയെളുപ്പത്തില്‍ മറന്നുകൊണ്ട് അവരോടടുക്കാന്‍ റഷ്യയിലെ മതവിശ്വാസികള്‍ക്ക് സാധിക്കണമെന്നില്ല. സ്യുഗാനോവിന്റെ ദൈവവഴിയിലേക്കുള്ള അഭിനിവേശം, റഷ്യന്‍ കമ്യൂണിസ്റ്റ്് താത്വികാചാര്യന്മാര്‍ ഇന്നോളം പറഞ്ഞു വച്ചതില്‍ നിന്നുള്ള വ്യതിയാനമാണ്. അതില്‍ റഷ്യയിലെ ഇന്നത്തെ പാര്‍ട്ടി കോമ്രേഡുകള്‍ക്കൊന്നും തന്നെ അതിശയം തോന്നാനിടയില്ല. കാരണം, ഇത് അദ്ദേഹം കുറച്ചുകാലമായി ഇടക്കും മുറയ്ക്കും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. 'യേശുക്രിസ്തുവാണ് ലോകത്തെ ആദ്യത്തെ കമ്യൂണിസ്റ്റുകാരന്‍' എന്ന വിവാദപ്രസ്താവന നടത്തിയതും സഖാവ് സ്യുഗാനോവായിരുന്നു.

 

 


സോവിയറ്റ് യൂണിയന്റെ രൂപീകരണത്തിന് മുമ്പ് റഷ്യ മതവിശ്വാസികളുടെ പറുദീസയായിരുന്നു. അക്കാലത്ത് സര്‍ക്കാരിന്റെ ഭാഗമായിരുന്നു ഓര്‍ത്തഡോക്‌സ് സഭ. എന്നാല്‍, റഷ്യന്‍ വിപ്ലവത്തിന് ശേഷം വന്ന കമ്യൂണിസ്റ്റ്് സര്‍ക്കാരുകളുടെ ഔദ്യോഗിക നയം തന്നെ 'നാസ്തികത' ആയിരുന്നു. വര്‍ഷങ്ങളെടുത്ത് പാഠപുസ്തകങ്ങളിലൂടെയും പാര്‍ട്ടി കോണ്‍ഗ്രസുകളിലൂടെയും ലഘുലേഖകള്‍ അച്ചടിച്ചും ഒക്കെ നടത്തിയ പ്രചാരണങ്ങള്‍ക്ക് ഒടുവില്‍ റഷ്യന്‍ ജനതയുടെ മനസുകളില്‍ നിന്നു പോലും മതമെന്ന സങ്കല്‍പം അസ്തമിച്ചു തുടങ്ങിയിരുന്നു. യുഎസ്എസ്ആറിന്റെ പതനം മതങ്ങളുടെ ശക്തമായ തിരിച്ചുവരവിന് കാരണമായി. അതോടെ അതുവരെ പുറമേക്ക് കടുത്ത കമ്യൂണിസ്റ്റ് നാസ്തികരായിരുന്ന പലരും തങ്ങളുടെ മതാഭിമുഖ്യം വെളിപ്പെടുത്തി രംഗത്തുവന്നു.

 

ഇന്ന് റഷ്യന്‍ ജനതയുടെ 80 ശതമാനവും മതവിശ്വാസികളാണ്. കമ്യൂണിസവും മതവിശ്വാസവും തോളോടുതോള്‍ ചേര്‍ന്ന് മുന്നോട്ടുപോകുന്ന കാഴ്ചയാണിന്ന് റഷ്യയില്‍. 'ദൈവം' എന്ന വാക്ക് റഷ്യന്‍ ഭരണഘടനയിലേക്ക് കടന്നുവരുമോയെന്ന കാര്യത്തില്‍ ഇനിയും തീരുമാനം വന്നിട്ടില്ല. അതിനുവേണ്ട പ്രമേയങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അക്കാര്യത്തില്‍ അന്തിമമായ ഒരു വോട്ടെടുപ്പ് ഏപ്രില്‍ 22ന്, കോമ്രേഡ് ലെനിന്റെ 150-ാം പിറന്നാള്‍ദിനത്തില്‍ നടക്കുമ്പോള്‍, അതിനെ റഷ്യന്‍ കമ്യൂണിസ്റ്റുകള്‍ പിന്തുണച്ചേക്കുമെന്നാണ് റഷ്യയില്‍ നിന്ന് മുമ്പ് 'റഷ്യ ടുഡേ' എന്നറിയപ്പെട്ടിരുന്ന, ഇന്ന് ആര്‍. ടി.കോം എന്നപേരില്‍ ഇന്റര്‍നെറ്റില്‍ സജീവമായ റഷ്യന്‍ അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.