By online desk.21 Feb, 2020
ന്യൂഡല്‍ഹി: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക, തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയില്‍. ഹൈക്കോടതി വിധി റദ്ദാക്കണമെന്നും 2015ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്രസ്വഭാവമുള്ള ഭരണഘടന സ്ഥാപനമാണെന്നും വോട്ടര്‍പട്ടിക തയാറാക്കല്‍ അടക്കം പ്രവര്‍ത്തനങ്ങളിലെ കോടതി ഇടപെടല്‍ അംഗീകരിക്കാനാകില്ലെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി. 2015ല്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ തയാറാക്കിയ പട്ടിക പുതുക്കി തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാനായിരുന്നു തങ്ങളുടെ തീരുമാനം.
അത് റദ്ദാക്കിയ ഹൈകോടതി ഉത്തരവ് തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും തെരഞ്ഞെടുപ്പ് വൈകാന്‍ സാധ്യതയുണ്ടെന്നും കമ്മീഷന് ബോധിപ്പിച്ചു. 2019ല്‍ ലോക്സഭ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ പുതുക്കല്‍ ചുരുങ്ങിയ സമയത്തിനകം പ്രായോഗികമല്ല. പല വാര്‍ഡുകളുടെയും ഭാഗങ്ങള്‍ വിവിധ പോളിങ് ബൂത്തുകളിലായി ചിതറിക്കിടക്കുകയാണ്. പുതിയ പട്ടിക തയാറാക്കാന്‍ 10 കോടി രൂപ അധികബാധ്യത വരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജിയിലുണ്ട്. കമ്മീഷന് അപ്പീല്‍ നല്‍കുന്നതിനുമുമ്പ് കോണ്‍ഗ്രസും മുസ്ലിം ലീഗും തടസ്സ ഹര്‍ജിയുമായി സുപ്രീം കോടതിയിലെത്തിയിട്ടുണ്ട്. കമ്മീഷന് ഹരജി വരുകയാണെങ്കില്‍ തങ്ങളെക്കൂടി കേള്‍ക്കാതെ ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്നാണ് ഇരുകൂട്ടരുടെയും ആവശ്യം.