Thursday 02 April 2020




ഇന്ത്യൻ ഓവർസീസ് ബാങ്കിന്‍റെ ഉള്ളുർ ശാഖയിൽ തീപിടിത്തം

By Sooraj Surendran .01 Feb, 2020

imran-azhar

 

 

തിരുവനന്തപുരം: ഇന്ത്യൻ ഓവർസീസ് ബാങ്കിന്‍റെ ഉള്ളുർ ശാഖയിൽ തീപിടിത്തം. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. തീ പടരുന്നത് കണ്ട ബാങ്ക് ഉദ്യോഗസ്ഥർ ഉടനെ തന്നെ വിവരം അഗ്നിശമനാ സേന പ്രവർത്തകരെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്നിശമനാ സേന ഉദ്യോഗസ്ഥർ മണിക്കൂറുകൾക്കുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി . തീപിടുത്തത്തിൽ ബാങ്കിലെ പ്രധാനപ്പെട്ട ഫയലുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, തടി ഫർണിച്ചറുകൾ എന്നിവ കത്തിനശിച്ചു. ശമ്പള വര്‍ധന ആവശ്യപ്പെട്ട് രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നതിനാൽ ബാങ്കിൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. ഇത് അപകടത്തിന്റെ വ്യാപ്തിയും തീവ്രതയും കുറച്ചു. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ മൂലം തീപിടുത്തം വളരെ വേഗത്തിൽ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.


രാവിലെ 7.40 ഓടെയാണ് തീപിടുത്തമുണ്ടായത്. വെന്റിലേഷനിലൂടെ കനത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥനാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. ഉടൻ തന്നെ ചെങ്കൽചൂള ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തുകയും തീ മറ്റ് നിലകളിലേക്കും കെട്ടിടങ്ങളിലേക്കും വ്യാപിക്കുന്നതിനുമുമ്പ് നിയന്ത്രണവിധേയമാക്കുകയും ചെയ്‌തു. ഇലക്ട്രിക്കൽ ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, ഉൾപ്പെടെ ബാങ്കിന്റെ 80 ശതമാനവും തീപിടുത്തത്തിൽപ്പെട്ടതായി ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം തീപിടുത്തത്തിൽ 7 ലക്ഷം രൂപയുടെ നാശനഷ്ടം മാത്രമാണ് സംഭവിച്ചതെന്നാണ് മെഡിക്കൽ കോളേജ് പോലീസ് നൽകുന്ന വിവരം. ബാങ്കിന്റെ പ്രധാനപ്പെട്ട ഫയലുകളും തീപിടുത്തത്തിൽ കത്തിനശിച്ചതായി ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ബാങ്ക് അധികൃതർ പവർ ഓവർലോഡ് ചെയ്തതായി ആരോപണം ഉയർന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 160/2020 അണ്ടർ സെക്ഷൻ 306 (1) വകുപ്പ് പ്രകാരം മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.