Monday 21 May 2018

കാണാതായവരെ തിരഞ്ഞ് പൂന്തുറയില്‍ നിന്ന് 40 വളളങ്ങള്‍

By SUBHALEKSHMI B R.03 Dec, 2017

imran-azhar

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പെട്ട് കടലില്‍ കുടുങ്ങിയവരെ തിരഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക്. തിരുവനന്തപുരം പൂന്തുറയില്‍നിന്നും നാല്‍പതും വിഴിഞ്ഞത്തുനിന്നു പതിനഞ്ചും വള്ളങ്ങളിലായി നൂറിലേറെ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പുറപ്പെട്ടു. നേവിയും കോസ്റ്റ് ഗാര്‍ഡും നടത്തിവരുന്ന രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണു മത്സ്യത്തൊഴിലാളികള്‍ നേരിട്ടിറങ്ങിയത്.

 

ഭക്ഷണം, വെള്ളം എന്നിവയ്ക്കുപുറമെ വയര്‍ലെസ് സംവിധാനവും എല്ളാ വള്ളങ്ങളിലും ഒരുക്കിയിട്ടുണ്ട്. കഴിയുന്നത്ര ദൂരംവരെ സഞ്ചരിച്ച് രക്ഷാപ്രവര്‍ത്തനം തടത്താനാണ് ഇവരുടെ തീരുമാനം. അതേസമയം ഇന്ന് നാലു മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷിച്ച് കരയ്ക്കെത്തിച്ചു. മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹവും ലഭിച്ചു.

 

സര്‍ക്കാര്‍ കണക്കിനേക്കാള്‍ കൂടുതല്‍ പേര്‍ ഇപ്പോഴും തിരികെയെത്താനുണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ തീരപ്രദേശങ്ങളില്‍ പ്രതിഷേധവും ശക്തമാണ്.