Saturday 18 November 2017

വനരാജാക്കന്മാരുടെ കാവലില്‍ അവന്‍ പിറന്നു; ഗുജറാത്തില്‍ കൊടുങ്കാട്ടില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി

By Subha Lekshmi B R.01 Jul, 2017

imran-azhar

അഹമ്മദാബാദ്: മങ്കുബെന്‍ മക്വാനയ്ക്ക് ഇപ്പോഴും അത് വിശ്വാസമായിട്ടില്ല. 12 സിംഹങ്ങളുടെ കാവലില്‍, കൊടുങ്കാട്ടില്‍, 108 ആംബുലന്‍സില്‍ വച്ച് തനിക്ക് മകന്‍ പിറന്നിരിക്കുന്നു.വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അര്‍ദ്ധരാത്രിക്ക് ശേഷം പ്രസവ വേദനയെത്തുടര്‍ന്ന് 32~കാരിയായ മങ്കുബെന്‍ മക്വാനയെ '108' ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. ലുനാസ്പുര്‍ സ്വദേശിയാണ് മങ്കുബെന്‍ മക്വാന. കാടിനു നടുവിലൂടെ ജാഫര്‍ബാദിലെ ആശുപത്രിയിലേക്കായിരുന്നു യാത്ര. പുലര്‍ച്ചെ രണ്ടരയോടെ പ്രസവവേദന കൂടി. ഈ സമയത്ത്് ആംബുലന്‍സിന് അരികിലേക്കു സിംഹങ്ങള്‍ കൂട്ടമായെത്തി.

 

എമര്‍ജന്‍സി മാനേജ്മെന്‍റ് ടെകിനീഷ്യന്‍ (ഇഎംടി) അശോക് മക്വാനയാണ് ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്നത്. യുവതിക്ക് ഉടനെ പ്രസവം നടക്കുമെന്നു മനസിലാക്കിയ അശോക്, മനസാന്നിധ്യം വീണ്ടെടുത്ത് സാഹചര്യത്തിനൊത്തു പ്രവര്‍ത്തിച്ചു. ഡ്രൈവറോടു വാഹനം നിറുത്താന്‍ ആവശ്യപ്പെട്ടു. കൊടുങ്കാട്ടില്‍ മനുഷ്യമണം തുടര്‍ച്ചയായി കിട്ടിയതോടെ സിംഹങ്ങള്‍ ആംബുലന്‍സിന് അടുത്തേക്കു വരികയായിരുന്നു. ഇതിനിടെ, അശോക് ഡോക്ടറെ ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു.

 

ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവമൊരുക്കി. പ്രദേശവാസിയായ ഡ്രൈവര്‍ രാജു ജാദവിനു സിംഹങ്ങളുടെ പെരുമാറ്റങ്ങള്‍ മനസ്സിലാവും. അതുകൊണ്ടു തന്നെ സിംഹങ്ങളെ പ്രകോപിപ്പിക്കാതിരിക്കാന്‍ ജാദവ് ശ്രദ്ധിച്ചു. 20 മിനിറ്റോളമാണ് വാഹനം നിറുത്തിയിട്ടത്. ആംബുലന്‍സിനു സമീപത്തും ചുറ്റുവട്ടത്തെ കാട്ടിലുമായി 12 സിംഹങ്ങള്‍ ഈ സമയം തങ്ങളെ വീക്ഷിച്ചുകൊണ്ടു നിന്നു. പ്രസവശേഷം ആംബുലന്‍സ് സ്റ്റാര്‍ട്ട് ആക്കിയപ്പോള്‍ സിംഹങ്ങള്‍ വഴിമാറി തന്നുവെന്നും രാജു പറയുന്നു. അമ്മയെയും കുഞ്ഞിനെയും ജാഫര്‍ബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.