Thursday 02 April 2020




തോക്കും വെടിയുണ്ടകളും കാണാതായത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്

By online desk.13 Feb, 2020

imran-azhar

 


തിരുവനന്തപുരം: കേരളാ പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായത് രമേശ് ചെന്നിത്തല ആഭ്യരമന്ത്രിയും ടി.പി. സെന്‍കുമാര്‍ ഡിജിയും ആയിരുന്ന കാലത്ത്. ഇതോടെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് ഇവ അപ്രത്യക്ഷമായതെന്ന വാദം പൊളിഞ്ഞു. സിഎജി ഇന്നലെ പുറത്തുവിട്ട ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് 25 റൈഫിളുകളും 12061 വെടിയുണ്ടകളും കാണാതായതായി വെളിപ്പെടുത്തിയത്.

 

സാങ്കേതികമായി ഗുരുതരമായ ഈ ആരോപണത്തിന്റെ പേരില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിക്കൂട്ടിലാകുമെന്ന് സംസ്ഥാനത്തെങ്ങും ചര്‍ച്ചയായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്തുന്നു. എന്‍ഐഎയും സിബിഐയും ഇക്കാര്യത്തില്‍ അന്വേഷണം നടത്തമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ റിപ്പോര്‍ട്ടിന്റെ വിശദമായ പരിശോധനയില്‍ 2015ലാണ് ഇവ കാണാതായതെന്ന് വ്യക്തമായത്.

 

എന്നാല്‍ അക്കൗണ്ടന്റ് ജനറല്‍ എസ്. സുനില്‍ രാജ് ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ ഏതു കാലയളവിലാണ് വെടിയുണ്ടകളും തോക്കുകളും നഷ്ടമായതെന്ന് പറഞ്ഞിരുന്നില്ല. അക്കൗണ്ടന്റ് ജനറല്‍ സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പത്രസമ്മേളനം നടത്താറുണ്ടെങ്കിലും രാഷ്ര്ടീയ ലാക്കോടെയുള്ള പരാമര്‍ശങ്ങള്‍ അടിവരയിട്ടു പറയുന്നത് ചുരുക്കമാണ്. റിപ്പോര്‍ട്ട് പുറത്തു വരും മുമ്പ് കഴിഞ്ഞ ദിവസം പി.ടി. തോമസ് എംഎല്‍എ നിമസഭയില്‍ പൊലീസുമായി ബന്ധപ്പെട്ട ഇതേവിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നു.

 


പൊലീസില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും തുക വകമാറ്റി ചിലവഴിച്ചിട്ടുണ്ടെന്നുമായിരുന്നു പി.ടി. തോമസ് നിയമസഭയില്‍ പറഞ്ഞത്. സിഎജി പത്രസമ്മേളനം നടത്തുന്നതിന്റെ തലേന്നായിരുന്നു ഇത്. പി.ടി. തോമസ് പറഞ്ഞ കാര്യം തന്നെയാണ് സിഎജി റിപ്പോര്‍ട്ടിലും കടന്നുകൂടിയത്. ഈ റിപ്പോര്‍ട്ട് പി.ടി. തോമസിന് മുന്‍കൂട്ടി ലഭിച്ചിരുന്നോ എന്ന സംശയം ഇതിലൂടെ വര്‍ദ്ധിച്ചിട്ടുണ്ട്. 

 

തിരുവനന്തപുരത്തെ ആംഡ് പൊലീസ് ബറ്റാലിയനില്‍ നിന്ന് 5.56 എംഎം ഇന്‍സാസ് വിഭാഗത്തിലെ 25 റൈഫിളുകളും 12061 വെടിയുണ്ടകളും കാണാതായത് രാജ്യസുരക്ഷയെ ബാധിക്കുമെന്നുവരെ സിഎജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യാജ വെടിയുണ്ടകള്‍ വച്ച് സംഭവം മറച്ചുവയ്ക്കാനും ശ്രമം നടന്നു. 2015ല്‍ നടന്ന സംഭവം ഇപ്പോഴുള്ള ഇടതു സര്‍ക്കാരിന്റെ ഭരണകാലത്താണ് നടന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാപകമായ ശ്രമങ്ങളുണ്ടായി. സാധാരണ നടപടിക്രമം പോലെ സിഎജി റിപ്പോര്‍ട്ടിന്‍മേല്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് വളരെ ലാഘവത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.