Thursday 28 January 2021




അസ്ട്രസെനെക 40 ദശലക്ഷം ഡോസ് കോവിഡ് വാക്സിന്‍ നിര്‍മിച്ചു

By online .13 Nov, 2020

imran-azhar

 

 


പൂനെ: അസ്ട്രസെനെക കോവിഡ് വാകിസിന്റെ 40 ദശലക്ഷം ഡോസുകള്‍ ഉത്പാദിപ്പിച്ചതായി പ്രമുഖ വാക്സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. നവോവാക്സിന്റെ കോവിഡ് വാക്‌സിന്‍ ഉത്പാദനം ഉടന്‍ തുടങ്ങുമെന്നും സിറം അറിയിച്ചു.ഉത്പാദിപ്പിച്ച അസ്ട്രസെനെക വാക്സിന്‍ ആഗോളതലത്തിലുള്ള വിതരണത്തിനാണോ ഇന്ത്യയില്‍ മാത്രം വിതരണം ചെയ്യാനാണോ എന്നത് സംബന്ധിച്ച് പ്രതികരിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ തയ്യാറായില്ല.


കുപ്പികളില്‍ നിറയ്ക്കാന്‍ യുഎസ് കമ്പനിയില്‍ നിന്ന് നവോവാക്സ് വാക്സിന്‍ ലഭിച്ചിട്ടുണ്ട്. അവ കുപ്പികളിലാക്കി അവര്‍ക്ക് തന്നെ നല്‍കുമെന്നും സിറം അറിയിച്ചു. യുകെയിലാണ് നവോവാക്സ് വാക്സിന്‍ അവസാനഘട്ട പരീക്ഷണം നടത്തിയത്. ഉത്പാദന പ്രക്രിയയിലെ കാലതാമസം കാരണം യുഎസിലെ പരീക്ഷണം നീട്ടിവച്ചിരുന്നു.അസ്ട്രസെനെകയുടെ അവസാനഘട്ട പരീക്ഷണങ്ങള്‍ക്കായി 1600 പേരെ ഇന്ത്യയില്‍ ചേര്‍ത്തിട്ടുണ്ട്.

 


ഓക്സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ച് വികസിപ്പിച്ച അസ്ട്രസെനെക വാക്‌സിന്‍ ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിച്ചതില്‍ ഏറ്റവും ഫലപ്രദമാണെന്ന് കമ്പനിയും ഐസിഎംആറും പറഞ്ഞിരുന്നു. അസ്ട്രസെനെക വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ഐസിഎംആര്‍ ധനസഹായം നല്‍കിയിരുന്നു. ഐസിഎംആറുമായി ചേര്‍ന്ന് ഇന്ത്യയിലെ 15 കേന്ദ്രങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്ന് സിറം ഇന്ത്യ അറിയിച്ചു.