By വി ഡി ശെൽവരാജ് .28 Nov, 2020
തിരുവനന്തപുരം : ഐ.എസ്.ആര്.ഒ ചെയര്‍മാനായി ഡോ. കെ. ശിവന് തുടരുമോ? മോദി സര്‍ക്കാര്‍ അഭിമാനത്തോടെ പ്രഖ്യാപിച്ച 'ഇന്സ്പേസി'ന്റെ ആദ്യ ചെയര്മാന് ആരാകും? ബഹിരാകാശ വകുപ്പ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും തന്ത്രപ്രധാനമായ ഈ നിയമനങ്ങള്‍ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായതിനാലും ഉദ്വേഗമേറെ. സ്വകാര്യ സംരംഭകര്‍ക്ക് ബഹിരാകാശഗവേഷണരംഗത്ത് അവസരം ഒരുക്കാന്‍ വേണ്ടിയാണ് ഇന്‍സ്പേസ്.
ചെയര്മാന് ശിവന്റെ കാലാവധി ജനുവരിയില്‍ തീരും. അതനുസരിച്ച് പുതിയ ചെയര്‍മാനെ വരും ആഴ്ചകളില്‍ തീരുമാനിക്കും. വി.എസ്.എസ്.സി. ഡയറക്ടര്‍ എസ്. സോമനാഥിന്റെ പേര് ആദ്യ ഘട്ടത്തില്‍ ഈ സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. പിന്നാലെ സ്പേസ് കമ്മീഷന് അംഗമായ ബാംഗ്ലൂര്‍ സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ കുഞ്ഞികൃഷ്ണന്റെ പേരും വന്നു. എന്നാല്‍ പെട്ടെന്ന് അതേപ്പറ്റി ചര്‍ച്ച നിലച്ചു. ഇപ്പോള്‍ ഇരുവരുടേയും പേര് പൊന്തിവരുന്നത് ഇന്‍സ്പേസിന്റെ ചെയര്മാന് പദവിയിലേക്കാണ്. അങ്ങനെയെങ്കില്‍ ചെയര്‍മാനായി ശിവന് തുടരുമെന്ന സംശയം ഐ.എസ്.ആര്.ഒ.യില്‍ കനപ്പെട്ടുവരുന്നു. രണ്ടാം ചന്ദ്രയാനിന്റെ ലാന്റര്‍ പരാജയപ്പെട്ട വേളയില്‍ പ്രധാനമന്ത്രി മോദിയെ ആലിംഗനം ചെയ്ത് കരയുന്ന ശിവന്റെ ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. അതേസമയം ചെയര്മാന് കാലാവധി നീട്ടുന്ന രീതി അസാധാരണമാണ്. തൊട്ട് മുമ്പത്തെ ചെയര്മാന് കിരണ്‍ കുമാറിന് മോദി സര്‍ക്കാര്‍ കാലാവധി നീട്ടികൊടുത്തില്ല.
കേന്ദ്രസര്‍ക്കാരും ഐ.എസ്.ആര്.ഒ.യും തമ്മില്‍ സമീപവര്‍ഷങ്ങളായി അത്രസുഖത്തിലല്ല. തുടക്കകാലം മുതല്‍ ബഹിരാകാശ വകുപ്പിന്റെ സെക്രട്ടറിയും ഐ.എസ്.ആര്.ഒ. ചെയര്‍മാനും ഒരാള്‍ ആയതിനാല്‍ ഐ.എ.എസ്. ഭരണത്തിന് സ്ഥാപനത്തില്‍ ഇടമില്ല. ശാസ്ത്രജ്ഞരുടെ തീരുമാനത്തിന് വകുപ്പ് മന്ത്രിയായ പ്രധാനമന്ത്രി സമ്മതം മൂളുന്നതാണ് പതിവ്. രണ്ടാം മോദി സര്‍ക്കാരിന്റെ വരവോടെ ഇതിന് മാറ്റമുണ്ടായി. കഴിഞ്ഞമാര്‍ച്ചില്‍ ശ്രീഹരികോട്ടയില്‍ നിന്നുള്ള ചാര ഉപഗ്രഹത്തിന്റെ വിക്ഷേപണം കൗണ്ട്ഡൗണ്‍ തുടങ്ങുന്നതിന് തൊട്ട് മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഫോണ്‍ വിളിയെ തുടര്‍ന്ന് റദ്ദാക്കേണ്ടി വന്നു.
ഇതുവരേയും ആ ഉപഗ്രഹം വിക്ഷേപിച്ചിട്ടുമില്ല. ഇത്തരമൊരു ശക്തമായ താക്കീതിന് പിന്നാലെയാണ് കോവിഡ് മൂര്‍ദ്ധന്യകാലത്ത് കേന്ദ്രധനമന്ത്രി നിര്‍മ്മാലാ സീതാരാമന് ഐ.എസ്.ആര്.ഒ.യുടെ സ്വകാര്യ വത്ക്കരണത്തെപ്പറ്റി പ്രഖ്യാപിക്കുന്നത്. പിന്നാലെ ഇന്‍സ്പേസ് രൂപീകരണവും പുറത്തു വന്നു. ഇതോടെ ഐ.എസ്.ആര്.ഒ. ചെയര്മാന് പദവി അലങ്കാരം മാത്രമാവുകയും ഇന്‍സ്പേസ് ചെയര്മാന് അധികാരകേന്ദ്രമായി സ്ഥാപനത്തെ നയിക്കുമെന്നും സംശയമുയര്‍ന്നു.റോക്കറ്റ് നിര്‍മ്മാണം, വിക്ഷേപണം, സ്വകാര്യ സംരംഭകര്‍ക്ക് ഐ.എസ്.ആര്.ഒ.യില്‍ സൗകര്യമൊരുക്കുക, ബഹിരാകാശ ദൗത്യങ്ങളില്‍ സ്വകാര്യ കമ്പനികളെ പങ്കാളികളാക്കുക തുടങ്ങിയവയാണ് ഇന്‍സ്പേസിന്റെ ലക്ഷ്യങ്ങള്‍. ഗവേഷണ വികസനത്തില്‍ മാത്രമായി ഐ.എസ്.ആര്.ഒ. കേന്ദ്രീകരിക്കും. ഈ പശ്ചാത്തലത്തില്‍ ഇരുനീയമനങ്ങളും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ ഭാവി ദിശാ സൂചനയായിരിക്കും.