Thursday 14 December 2017

വരുന്നു പ്രോജക്ട് 75; ഇന്ത്യ ആറ് ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നു

By SUBHALEKSHMI B R.02 Dec, 2017

imran-azhar

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ മേധാവിത്തം നേടുക എന്ന ലക്ഷ്യത്തോടെ പുത്തന്‍ പദ്ധതികളുമായി ഇന്ത്യ. ഇതിന്‍റെ ഭാഗമായി ആറ് ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള മെഗാപ്രോജക്ടിന് ഇന്ത്യ തുടക്കം കുറിച്ചതായി നാവികസേനാ മേധാവി ചീഫ് അഡ്മിറല്‍ സുനില്‍ ലാംബ വ്യക്തമാക്കി. കൂടുതല്‍ വിശദീകരണങ്ങള്‍ക്കില്ള എന്ന മുഖവുരയോടെയാണ് മെഗാ പ്രോജക്ട് ആരംഭിച്ച വിവരം അദ്ദേഹം വെളിപ്പെടുത്തിയത്. പ്രോജക്ട് 75 എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ആറു മിസൈല്‍ വേധ അന്തര്‍വാഹിനികളാണു വികസിപ്പിക്കുക. ഇതിനായി വിദേശ രാജ്യങ്ങളുടെ സഹായവും തേടുന്നുണ്ട്.

 

ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഎന്‍എസ് അരിഹന്ത്, ഐഎന്‍എസ് ചക്ര എന്നിവയ്ക്കു പുറമെ, 13 മുങ്ങിക്കപ്പലുകളാണു നിലവില്‍ സേനയ്ക്കുള്ളത്. ഇതിനു പുറമെയാണ് ആറ് ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള പദ്ധതിക്കു തുടക്കം കുറിച്ചിരിക്കുന്നത്. ദേശീയ നാവികസേനാ ദിനമായ ഡിസംബര്‍ നാലിനു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണു ലാംബ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്തോപസിഫിക് മേഖലയില്‍ വര്‍ധിച്ചുവരുന്ന വെല്ളുവിളികളെ നേരിടുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കു പിന്നിലുണ്ട്. ഒപ്പം, അടുത്തിടെ തുടക്കമിട്ട ചതുര്‍രാഷ്ട്ര സൈനിക സഹകരണത്തില്‍ (ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാന്‍) പ്രധാന പങ്കുവഹിക്കുക എന്ന ലകഷ്യവുമുണ്ട്.

 

വെല്ളുവിളികള്‍ പരന്പരാഗതമോ അല്ളാത്തതോ ആകട്ടെ, ഇവ നേരിടാന്‍ നാവിക സേന സുസജ്ജമാണെന്നും ലാംബ വ്യകതമാക്കി. കടല്‍ക്കൊള്ളക്കാരെ നേരിടാനെന്ന പേരില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന അന്തര്‍വാഹിനികള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍, ഈ പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാനാണു ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. അന്തര്‍വാഹിനികള്‍ക്കു പുറമെ, എട്ടോളം ചൈനീസ് കപ്പലുകളും ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടെന്നാണു കണക്ക്. ഒരു ഘട്ടത്തില്‍ ഇതു 14 വരെയായി ഉയര്‍ന്നിരുന്നു. ദോക് ലായില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മുഖാമുഖം വന്ന അവസരത്തില്‍ കൂടുതല്‍ അന്തര്‍വാഹിനികളും കപ്പലുകളും ചൈന ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് അയച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചൈനയുടെയും പാകിസ്ഥാന്‍റെയും ഭീഷണി ഫലപ്രദമായി നേരിടാന്‍ ലക്ഷ്യമിട്ട്, ക്രൂസ് മിസൈല്‍, അത്യാധുനിക ആയുധങ്ങള്‍, കടലിനടിയില്‍ ശത്രു നീക്കങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന നൂതന സെന്‍സറുകള്‍ എന്നിവ സജ്ജമാക്കിയ കരുത്തുറ്റ കപ്പലുകളും നിര്‍മിക്കാന്‍ ഇന്ത്യയ്ക്കു പദ്ധതിയുണ്ട്.ഫ്രാന്‍സ്, റഷ്യ, ജര്‍മനി, സ്വീഡന്‍, സ്പെയിന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യന്‍ ഷിപ്യാര്‍ഡ് 70,000 കോടി രൂപയുടെ പ്രതിരോധ പദ്ധതിക്കു തയാറെടുക്കുന്നുവെന്നാണു റിപ്പോര്‍ട്ട്.