Saturday 06 June 2020




കോവിഡ് 19 : ഏകോപിച്ച സമീപനം വേണമെന്ന് ജി 20 സമ്മേളനത്തില്‍ ഇന്ത്യ ആവശ്യപ്പെടും

By online desk.26 Mar, 2020

imran-azhar



ന്യൂഡല്‍ഹി: ഏകോപിച്ചതും ഭാവി മുന്നില്‍ കണ്ടുളളതുമായ സമീപനം ഉണ്ടാവണമെന്ന് ഇന്ന് നടക്കുന്ന ജി 20 യോഗത്തില്‍ ഇന്ത്യ ആവശ്യപ്പെടുമെന്ന് സൂചന. കോവിഡ് 19നെ വുഹാന്‍ വൈറസെന്ന് നാമകരണം ചെയ്യാനുളള അമേരിക്കന്‍ ശ്രമം ജി 7 രാഷ്ട്രങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിച്ചിരിക്കെയാണ് ഇത്.

 

ലോകത്തെ 19 വലിയ സമ്പദ് വ്യവസ്ഥകളുളള രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും തിരക്കിട്ട ചര്‍ച്ചകളാണ് ഇന്ന് നടത്തിയത്. യോഗത്തിന് ശേഷം സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതിനാണ് ചര്‍ച്ചകള്‍ നടത്തിയത്.

 

വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന സമ്മേളനത്തില്‍ ഓരോ രാജ്യവും തങ്ങളുടെ നിലപാട് വ്യക്തമാക്കും. കോവിഡ് 19 സംബന്ധിച്ച് കൂട്ടായ തീരുമാനമെടുക്കാനാണ് ജി 20 അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന സൗദി അറേബിയ യോഗം വിളിച്ച് കൂട്ടിയത്.

 

ഈ മാസം 15ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സാര്‍ക്ക് നേതാക്കളുമായി ചര്‍ച്ച നടത്തിയപ്പോള്‍ മേഖലയിലെ രാജ്യങ്ങളുടെ ഏകോപിച്ച പ്രതികരണത്തിന് ഇന്ത്യ നടത്തിയ ശ്രമം പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 സമ്മേളനത്തില്‍ വിവരിക്കുമെന്നാണ് കരുതുന്നത്. ജി 7രാജ്യങ്ങളിലെ വിദേശ മന്ത്രിമാര്‍ കഴിഞ്ഞ ദിവ സം നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് കൊറോണ വൈറസിനെ വുഹാന്‍ വൈറസെന്ന് നാമകരണം ചെയ്യണമെന്ന് അമേരിക്ക ആവശ്യപ്പെട്ടത്. ഇതിന് ശേഷം ഓരോ രാജ്യവും വെവ്വേറെ നടത്തിയ പ്രതികരണത്തില്‍ ഇങ്ങനെ നാമകരണം ചെയ്യുന്നതിലെ ഭിന്നത വെളിപ്പെട്ടിരുന്നു.

 

്്അമേരിക്കന്‍ നീക്കത്തോട് ഇന്ത്യക്ക് താത്പര്യമില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ആരോപണങ്ങള്‍ക്കുളള സമയമല്ല ഇതെന്നും വൈറസിനെ പ്രതിരോധിക്കുകന്നതിന് ഏകോപിച്ച സമീപനമാണ് വേണ്ടതെന്നുമാണ് ഇന്ത്യയുടെ നിലപാട്.