Wednesday 22 November 2017

ഇര്‍മ യുഎസ് തീരത്തേക്ക്: അതീവ ജാഗ്രതാ നിര്‍ദ്ദേശം

By SUBHALEKSHMI B R.08 Sep, 2017

imran-azhar

വാഷിങ്ടന്‍: ചുഴലിക്കാറ്റുകള്‍ ഒന്നിനു പിറകേ ഒന്നായി അമേരിക്കയെ തകര്‍ക്കുകയാണ്. ടെക്സാസിനെ തകര്‍ത്ത ഹാര്‍വി ചുഴലിക്കാറ്റിനു പിന്നാലെ കരീബിയന്‍ മേഖല വിട്ട ഇര്‍മയും യുഎസ് തീരത്തേക്കു നീങ്ങുന്നു. കരീബിയന്‍ ദ്വീപുകളായ സെന്‍റ് മാര്‍ട്ടിന്‍, ബാര്‍ബുഡ എന്നിവിടങ്ങളില്‍ ഇര്‍മ വ്യാപകനാശം വിതച്ചു. ഇതുവരെ പത്തു പേര്‍ കൊല്ളപ്പെട്ടു. ഫ്രഞ്ച് അധീനതയിലുള്ള കരീബിയന്‍ ദ്വീപായ സെന്‍റ് മാര്‍ട്ടിന്‍, യുഎസ് ദ്വീപായ വിര്‍ജിന്‍ ഐലന്‍ഡ്സ് എന്നിവിടങ്ങളില്‍ നാലു പേരും ആന്‍ഗ്വില്ള, ബാര്‍ബുഡ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. ദ്വീപുരാജ്യമായ ബാര്‍ബുഡ ഏതാണ്ടു പൂര്‍ണ്ണമായി തകര്‍ന്നടിഞ്ഞു. മണിക്കൂറില്‍ 295 കിലോമീറ്റര്‍ വേഗം പ്രാപിക്കാന്‍ സാധ്യതയുള്ള ഇര്‍മ നാളെയോ അതിനടുത്ത ദിവസമോ യുഎസ് തീരത്തെത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്.

 

കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തീരപ്രദേശത്തെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. യുഎസ് സംസ്ഥാനമായ ഫ്ലോറിഡ, യുഎസിന്‍െറ അധീനതയിലുള്ള പ്യൂര്‍ട്ടോറിക്കോ, വിര്‍ജിന്‍ ഐലന്‍ഡ്സ് എന്നിവിടങ്ങളില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ക്യൂബ, ഡോമിനിക്കന്‍ റിപ്പബ്ളിക്ക്, ഹെയ്ത്തി, ടര്‍ക്സ് ആന്‍ഡ് കയ്ക്കോസ് ഐലന്‍ഡ്സ്, ബഹാമസിന്‍െറ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.