Tuesday 02 June 2020




മറ്റുള്ളവർക്ക് വൈറസ് പടരുമോ എന്ന ഭയം കൊറോണ ബാധയുള്ള ഇറ്റാലിയൻ നഴ്‌സ് ജീവനൊടുക്കി

By online desk .26 Mar, 2020

imran-azhar

 


റോം: കൊറോണ വൈറസ് ചികിത്സയുടെ മുൻനിരയിൽ ഉണ്ടായിരുന്ന ഇറ്റാലിയൻ നഴ്സ് ജീവനൊടുക്കി. കൊറോണ വൈറസ് ബാധിതയായിരുന്ന നഴ്സ് തന്നിൽ നിന്ന് രോഗം മറ്റാരിലേക്കെങ്കിലും പടർന്നാലോ എന്ന ഭയത്തിലാണ് നഴ്സ് ജീവനൊടുക്കിയത്. ലോംബാര്‍ഡ് സാന്‍ ജെറാര്‍ഡോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സായിരുന്ന ഡാനിയേല ട്രേസി(34)യാണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്.

 

കൊറോണ വൈറസ് ബാധിതയായിരുന്ന ഡാനിയേല കഴിഞ്ഞദിവസങ്ങളില്‍ കടുത്ത മാനസികസമ്മര്‍ദം അനുഭവിച്ചിരുന്നതായി ഇറ്റലിയിലെ നാഷണല്‍ ഫെഡറേഷന്‍ ഓഫ് നഴ്‌സസ് സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

 

കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തിയ ശേഷം അവര്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായി. താന്‍ കാരണം കൂടുതല്‍പേരിലേക്ക് വൈറസ് പടരുമോ എന്നതായിരുന്നു അവരുടെ ഭയമെന്നും സംഘടന പ്രസ്താവനയില്‍ വിശദീകരിച്ചു.

 

അതേസമയം, നഴ്‌സിന്റെ ആത്മഹത്യയില്‍ പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയുമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം.

 

കഴിഞ്ഞദിവസം ലണ്ടനിലെ ഒരു ആശുപത്രിയില്‍ കൊറോണ രോഗികളെ പരിചരിച്ചിരുന്ന ഒരു നഴ്‌സും ആത്മഹത്യ ചെയ്തിരുന്നു. ഇറ്റാലിയൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 5,760 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.