Friday 05 June 2020




പരോള്‍ തീര്‍ന്നെങ്കില്‍ വീട്ടിലിരി: തടവുകാര്‍ക്ക് ജയില്‍ വകുപ്പിന്റെ ഉത്തരവ്

By എ.എസ്. അജയ്ദേവ്.27 Mar, 2020

imran-azhar

തിരുവനന്തപുരം: പരോള്‍ കാലാവധി കഴിഞ്ഞ തടവുകാരോട് ജയിലിലേക്ക് വരണ്ടെന്ന് ജയില്‍ വകുപ്പിന്റെ ഉത്തരവ്. സംസ്ഥാനത്ത് പടരുന്ന കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ജയിലുകളില്‍ അതീവ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് പരോള്‍ തടവുകാരോട് വീട്ടിലിരിക്കാന്‍ പറഞ്ഞിരിക്കുന്നത്. അടുത്ത മാസം 15 വരെയാണ് വീടിനുള്ളില്‍ കഴിയേണ്ടത്. 16ന് ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യണം. ആകെ 105 തടവുകാര്‍ക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ -10 തടവുകാര്‍ക്കും, കണ്ണൂര്‍-10, വിയ്യൂരില്‍ നിന്ന് 13 തടവുകാരുമുണ്ട്. ചീമേനി തുറന്ന ജയിലില്‍ 26, നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ 45, പൂജപ്പുര വനിതാ തുറന്ന ജയിലില്‍ ഒരാളും ഉള്‍പ്പെടെയാണ് 105 പേര്‍. രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൊതു ഗതാഗതം നിര്‍ത്തലാക്കിയതും, ഹോം ക്വാറന്റൈന്‍ ശക്തമാക്കിയതും പരോള്‍ തടവുകാര്‍ക്ക് തിരിച്ച് ജയിലില്‍ എത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടായി.

ഇതോടെ പരോള്‍ കഴിഞ്ഞ് ജയിലുകളിലേക്ക് തിരിച്ച തടവുകാര്‍ പാതി വഴിയിലും മറ്റും കുടുങ്ങി. ഇവര്‍ ജയില്‍ ഓഫീസുകളില്‍ വിളിച്ച് ഉദ്യോഗസ്ഥരോട് വിവരം അറിയിച്ചു. തുടര്‍ന്നാണ് ജയിലുകളില്‍ ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ ജയില്‍ ഡി.ജി.പിയെ വിവരം ബോധ്യപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് തടവുകാര്‍ക്ക് പരോള്‍ കാലാവധി നീട്ടി നല്‍കാന്‍ അടിയന്തിര തീരുമാനമെടുത്തത്. ലോക്ക്ഡൗണ്‍ കാരണം യാത്ര സൗകര്യങ്ങള്‍ ഇല്ലാത്തിനാല്‍ അവധി കഴിയുന്ന ദിവസം മുതല്‍ ഏപ്രില്‍ 15 വരെയുള്ള കാലയളവ് ജാമ്യമായി കണക്കാക്കുമെന്നാണ് ഉത്തരവ്. അത്തരം തടവുകാര്‍ അവധി തീരുന്ന മുറയ്ക്ക് ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഏപ്രില്‍ 16ന് തിരികെ ജയിലില്‍ പ്രവേശിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരികെ വരുമ്പോള്‍ ആരോഗ്യസ്ഥിതി സംബന്ധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ജയിലില്‍ പ്രവേശിച്ച ശേഷം അത്തരം തടവുകാര്‍ ആരോഗ്യവകുപ്പ് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള നിരീക്ഷണകാലം ജയിലിനുള്ളില്‍ ക്വാറന്റൈനില്‍ കഴിയണം. കൊറോണക്കാലത്ത് പരോളിന് അര്‍ഹതിയുള്ള തടവുകാരുടെ സാധാരണ അവധി ദിനങ്ങളില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. 60 ദിവസം തുടര്‍ച്ചയായി സാധാരണ അവധി അനുവദിക്കുന്നതിനാണ് തീരുമാനം. ഇത് 932 തടവുകാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ജയില്‍ വകുപ്പ് ഒന്നാകെ കൊറോണ വൈറസ് പ്രതിരോധത്തില്‍ ശക്തമായ സമീപനം സ്വീകരിച്ചുകൊണ്ട് സര്‍ക്കാരിനും സമൂഹത്തിനും പ്രയോജനകരമായ വിധത്തില്‍ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. നിലവില്‍ ജയിലുകളില്‍ എല്ലാം ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചിട്ടുണ്ട്. കോവിഡ്19 രോഗബാധ സംശയിക്കുന്നവരെ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. കൂടാതെ, പൊതുജനങ്ങള്‍ക്കായി പുനരുപയോഗിക്കാനാവുന്ന മാസ്‌ക്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവയും നിര്‍മ്മിച്ചു വില്‍പ്പന നടത്തുന്നുണ്ട്.