Saturday 06 June 2020




കൊവിഡ് 19; ജപ്പാൻ ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് ചൈനീസ് ആരോഗ്യവിദഗ്ധർ

By online desk.19 Mar, 2020

imran-azhar

 

ജപ്പാനിൽ ഉപയോഗിക്കുന്ന മരുന്ന് കൊറോണ രോഗത്തിന് ഫലപ്രദമെന്ന് ചൈനീസ് ആരോഗ്യ വിദഗ്ധർ. കൊവിഡ് 19 സ്ഥിരീകരിച്ച രോഗിക്ക് ഈ മരുന്ന് നൽകിയപ്പോൾ നാലുദിവസം കൊണ്ട് സുഖം പ്രാപിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയത്തിലെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. എക്സ് റെയിൽ ഈ മരുന്ന് നൽകിയ രോഗികളുടെ ശ്വാസകോശ അണുബാധ കുറയുന്നതായും കണ്ടെത്തിയതായി അദ്ദേഹം അറിയിച്ചു.

 


ഫ്യൂജിഫിലിമിന്റെ അനുബന്ധ സ്ഥാപനമായ ഫാവിപിരാവിറാണ് ഈ മരുന്ന് കണ്ടുപിടിച്ചത്. വുഹാനിലെയും ഷെൻ‌ഷെനിലെയും 340 രോഗികൾക്ക് ഈ മരുന്ന് നൽകിയെന്നും ഇവരിലൊക്കെ മരുന്ന് ഫലപ്രദമായതായും ചൈനയുടെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ഷാങ് സിൻ‌മിൻ പറഞ്ഞു. മരുന്ന് ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും, ചികിത്സയിൽ ഇത് വളരെ ഫലപ്രദമാണെന്നും ഷാങ് സിൻ‌മിൻ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫ്യൂജിഫിലിം ടോയാമ കെമിക്കൽ ആണ് മരുന്ന് വികസിപ്പിച്ചെടുത്തത്. ഈ മരുന്ന് അവിഗൻ എന്നും അറിയപ്പെടുന്നു.

 

ജപ്പാനീസ് കമ്പനി 2014ലാണ് ഈ മരുന്ന് വികസിപ്പിച്ചത്. എന്നാൽ ചൈനയിൽ നിന്ന് വരുന്ന റിപ്പോർട്ടുകളോട് മരുന്ന് കമ്പനി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജപ്പാനിൽ ഡോക്ടർമാർ പരീക്ഷണമെന്ന നിലയിൽ ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ജപ്പാൻ അധികൃതർ പറയുന്നത് ഈ മരുന്ന് ഫലപ്രദമാണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ്. രോഗബാധ തീവ്രമായ രോഗികളിൽ ഈ മരുന്ന് യാതൊരുവിധ ഫലവും നൽകിയില്ല എന്നും അവർ വ്യക്തമാക്കുന്നു.