Monday 19 February 2018

കശ്മീര്‍ സംഘര്‍ഷം: കേന്ദ്രസര്‍ക്കാര്‍ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി

By Subha Lekshmi B R.18 Apr, 2017

imran-azhar

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സമാധാന അന്തരീക്ഷം തിരികെ കൊണ്ടുവരാനുളള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള പരിഹാരമാര്‍ഗങ്ങള്‍ ആരായുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

 

ശ്രീനഗര്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടത്. കശ്മീരില്‍ ജനജീവിതം സാധാരണ ഗതിയില്‍ എത്തിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ആവശ്യമെങ്കില്‍ വിഘടനവാദികളുമായി സമാധാനചര്‍ച്ച നടത്താമെന്നും യോഗത്തില്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് ആരുമായും ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആഭ്യന്തരമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിഘടനവാദികള്‍ ഇത് അംഗീകരിച്ചിരുന്നില്ള.

 

കല്ളേറു ചെറുക്കാന്‍ സൈന്യം യുവാവിനെ മനുഷ്യകവചമായി ജീപ്പിനു മുന്നില്‍ കെട്ടിയിട്ട സംഭവത്തിന്‍െറ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സൈന്യത്തിന്‍െറ നിറം കെടുത്തുന്നതാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇത്തരം വിഡിയോകളുടെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമല്ള. ഇത്തരത്തില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ പലതും പാക്കിസ്ഥാനില്‍ നിന്നുമുള്ള സമൂഹമാധ്യമങ്ങള്‍ വഴിയാണ് പോസ്റ്റ് ചെയ്തതെന്നും കശ്മീരിലെ സംഭവങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന്‍െറ ഇടപെടല്‍ ഉണ്ടെന്നും പ്രാദേശിക പൊലീസിനെയും അവരുടെ കുടുംബത്തെയും ലക്ഷ്യമിട്ടേക്കാമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.