Friday 29 May 2020




ലോകം കൊറോണ ഭീതിയില്‍ : തായ് രാജാവ് 19 വെപ്പാട്ടിമാര്‍ക്കൊപ്പം നക്ഷത്ര ഹോട്ടലില്‍ 'ഐസൊലേഷനില്‍'

By online desk .30 Mar, 2020

imran-azhar

 

ബാങ്കോക്ക് : ലോകമൊട്ടാകെ കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തായ് ലന്‍ഡ് രാജാവ് രാമ പത്താമനെന്നറിയപ്പെടുന്ന മഹാ വജ്‌റലോങ്കോണ്‍ ജര്‍മ്മനിയിലെ വമ്പന്‍ ഹോട്ടലില്‍ സ്വയം ഐസൊലേഷനില്‍ പോയി. ഹോട്ടല്‍ അപ്പാടെ ബുക്ക് ചെയ്താണ് രാജാവ് ഐസൊലേഷനില്‍ പോയത്. മാത്രമല്ല തെക്കന്‍ ജര്‍മ്മനിയിലെ ഈ ഹോട്ടലില്‍ രാജാവിനൊപ്പം കഴിയാന്‍ 20 വെപ്പാട്ടിമാരുമുണ്ടെന്നാണ് വാര്‍ത്ത.

 

ബവാറിയയിലെ ഹോട്ടല്‍ സോനന്‍ബിശലിനാണ് രാജാവും വെപ്പാട്ടിമാരും 'ഐസൊലേഷനിനുളളത് '. പ്രാദേശിക ഭരണകൂടത്തിന്റെ അനുമതിയോടെയാണ 67 കാരനായ രാജാവിന്റെ ' ലീലാവിലാസം'. രാജാവിന്റെ നാലാമത്തെ ഭാര്യയും അദ്ദേഹത്തോടൊപ്പം ഉണ്ടോ എന്ന് വ്യക്തമല്ല. അതേസമയം രാജാവിനൊപ്പം ഉണ്ടായിരുന്ന 119 അംഗ പരിവാര സംഘത്തെ തായ് ലന്‍ഡിലേക്ക് മടക്കി അയച്ചതായാണ് വിവരം. ഇവരില്‍ ചിലര്‍ക്ക് കോവിഡ് 19 പിടിപെട്ടതായി രാജാവിന് സംശയമുളളതിനാലാണിത്.

 

തായ് രാജാവിന് ജര്‍മ്മനിയിലും കൊട്ടാരമുണ്ട്. ഇവിടെയാണ് കൂടുതല്‍ സമയവും അദ്ദേഹം ചിലവഴിക്കുന്നത്. മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ അബ്ദുളള അഹമ്മദ് ഷായും രാജ്ഞി തുങ്കു അസീസ ആമിനയും ക്വാറന്റൈനിലായതിന് പിന്നാലെയാണ് തായ് രാജാവ് ക്വാറന്റൈനില്‍ പോയത്. മലേഷ്യന്‍ രാജാവിന്റെ കൊട്ടാരത്തിലെ ഏഴ്് ജീവനക്കാര്‍ക്ക് കോവിഡ് 19 ബാധിച്ചിരുന്നു. ഇവര്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താന്‍ അധികൃതര്‍ നടപടി തുടങ്ങിയിട്ടുണ്ട്. രോഗബാധിതരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

മലേഷ്യയില്‍ 2000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. 21 പേര്‍ മരിച്ചു.