Saturday 06 June 2020




'കരഞ്ഞു കരഞ്ഞ് കല്ലായിപ്പോയ ഒരമ്മയാണ് ഞാന്‍'; ഇന്ത്യയില്‍ ഇനി ഇതുപോലെ ഒരമ്മയും ഉണ്ടാകാതിരിക്കട്ടെ

By online desk.20 Mar, 2020

imran-azhar

 

ന്യൂഡല്‍ഹി: മരണത്തോളം കൂടെപ്പോരുന്ന ഒരു വേദന എന്റെയുള്ളിലുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷക്കാലവും എന്റെ കണ്ണിലൂടെ ഒഴുകിയത് ഉള്ളു മുറിഞ്ഞൊഴുകിയ ആ വേദനയായിരുന്നു. കരഞ്ഞു കരഞ്ഞ് കല്ലായിപ്പോയ ഒരമ്മയാണ് ഞാന്‍'. ഇന്ത്യയില്‍ ഇനി ഇതുപോലെ ഒരമ്മയും ഉണ്ടാകാതിരിക്കട്ടെ എന്ന വേദനയോടെയാണ് ആശാദേവി എന്ന അമ്മയുടെ ഉള്ളുരുക്കം കേട്ടുനിന്നത്. വിലാപങ്ങള്‍ക്കൊപ്പം നിര്‍ഭയ എന്ന് പേരിട്ട് വിളിച്ച് വര്‍ഷാവര്‍ഷം മെഴുക് തിരി കത്തിച്ച് അനുസ്മരിക്കുന്ന അത്രിക്രൂരമായി കൊല്ലപ്പെട്ട ഒരു മകളുടെ അമ്മ. ഇപ്പോള്‍ മകളുടെ ഘാതകരുടെ വധശിക്ഷ നടപ്പായപ്പോഴും മരണത്തോളം തന്റെ നെഞ്ചിനുള്ളില്‍ കൂടെപ്പോരുന്ന വേദന ആശാ ദേവിയുടെ ഉള്ളിലുണ്ട്. മരണത്തോട് മല്ലടിച്ചു ആശുപത്രിയില്‍ ബോധമില്ലാതെ കിടന്ന നാളുകളില്‍ നേര്‍ത്ത ഒരു അനക്കത്തിനിടെ അവള്‍ ഒരു തുള്ളി വെള്ളം ചോദിച്ചിരുന്നു.

 


അതു നല്‍കാന്‍ തനിക്കായില്ലല്ലോ എന്ന വേദന മാഞ്ഞു പോകാതെ ഇപ്പോഴും ഉള്ളില്‍ കല്ലു കെട്ടിക്കിടക്കുകയാണെന്ന് അവര്‍ നിറകണ്ണുകളോടെ പറഞ്ഞു. ഭൂമിയില്‍ മറ്റൊരു മൃഗവും മനുഷ്യനെ മുറിവേല്‍പ്പിക്കാത്ത വിധത്തില്‍ അത്രിക്രൂരമായി വേട്ടയാടി ചോര വാര്‍ന്നു കിടക്കുന്ന തന്റെ മകളുടെ ദൃശ്യം ഇപ്പോഴും കണ്‍മുന്നിലുണ്ട്. ആ ഓര്‍മ മാത്രമാണ് ഉയിരിനെ ഇന്നു പുലര്‍ക്കാലത്തേക്കു കൂടെ ഉണാരാനുള്ള കരുത്തോടെ പിടിച്ചു നിര്‍ത്തിയതെന്നും അവര്‍ പറയുന്നു. ഏഴ വര്‍ഷത്തെ അവരുടെ കാത്തിരിപ്പ് കാലത്തിനും കോടതികള്‍ക്കും തൂക്ക് കയറിനും ഇടയിലായിരുന്നു എന്നു തന്നെ പറയാം. ലോകത്ത് തന്നെ മറ്റൊരു മാതാപിതാക്കള്‍ക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത രാപകലുകളിലൂടെയാണ് ഇക്കാലമത്രയും ആശാദേവി എന്ന അമ്മയും ബദ്രി സിംഗ് എന്ന അച്ഛനും കടന്നു പോയത്.

 

ഇന്ത്യയില്‍ ഇനിയൊരു അമ്മയുടെയും ഓര്‍മകളിലേക്ക് അതു പോലൊരു രാത്രി കടന്നു വരാതിരിക്കാന്‍ തന്റെ മകളുടെ ജീവന്‍ ഇറുത്തെടുത്ത കുറ്റവാളികളുടെ മരണദണ്ഡനം കൊണ്ടു മാത്രമേ കഴിയൂ എന്ന് ആശാദേവി എന്ന അമ്മ ഉറച്ചു വിശ്വസിച്ചു. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ശരിവച്ച കോടതി വിധി വന്നപ്പോള്‍ തന്റെ വേദനിക്കുന്ന മുറിവുകള്‍ക്ക് മേല്‍ പുരട്ടിയ മരുന്നു പോലെയായിരുന്നു ആ വാര്‍ത്ത എന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം. വധശിക്ഷയ്‌ക്കെതിരേ രാജ്യത്തിനകത്തും പുറത്തും നടക്കുന്ന ചര്‍ച്ചകളെക്കുറിച്ചോ അതൊരു കിരാത ശിക്ഷാ മാര്‍ഗമാണെന്ന ന്യായവാദങ്ങളെക്കുറിച്ചോ ആശങ്കപ്പെടാന്‍ കഴിയാത്ത വിധം ജീവിതത്തില്‍ മുറിവേറ്റു പോയ ഒരച്ഛനും അമ്മയ്ക്കും തൂക്കുമരത്തിലേക്ക് നോക്കി നീതി പുലരുന്നത് കാത്തിരിക്കുന്ന അവരുടെ പ്രതീക്ഷയ്ക്കും മനുഷ്യന്റെ ഭാഷയില്‍ നല്‍കാവുന്ന മറുപടി ഇപ്പോള്‍ മൗനം മാത്രമായിരിക്കും.

 

അച്ഛനും അമ്മയും ജ്യോതിയെന്ന് പേരിട്ടു വിളിച്ച ആ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ഒരു നാടിന്റെ നൊമ്പരങ്ങളില്‍ ഇന്ന് നിര്‍ഭയ എന്ന അടയാളമാണ്. തങ്ങളുടെ മകളെ ഭൂമിയില്‍ നിന്ന് പറിച്ചെറിഞ്ഞ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതും കാത്ത് ദ്വാരകയിലെ വീട്ടില്‍ കഴിയുകയായിരുന്നു ബദ്രി സിംഗും ആശാ ദേവിയും. മകളുടെ മരണം മുതല്‍ പ്രതികളുടെ വധശിക്ഷയിലൂടെ മാത്രമേ തങ്ങള്‍ക്കു നീതി ലഭിക്കൂ എന്ന ഉറച്ച വിശ്വാസത്തിലാണ് ഇവര്‍ കഴിഞ്ഞു പോകുന്നത്. അതിനായി മുന്നിട്ടിറങ്ങിയത് നിര്‍ഭയയുടെ അമ്മ ആശാ ദേവി തന്നെയാണ്. ഏഴു വര്‍ഷമായും തുടരുന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവിലും നീതി തങ്ങളെ തേടിയെത്തിയിട്ടില്ല എന്നു തന്നെയാണ് ആശാ ദേവിക്കു പറയാനുണ്ടായിരുന്നത്.

 

പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് വൈകിയത് കോടതിയില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം തന്നെ നഷ്ടപ്പെടാനിടയാക്കുമെന്നും അവര്‍ പറഞ്ഞു. സംഭവ ദിവസം ഒന്നു രണ്ടു മണിക്കൂറുകള്‍ക്കകം തിരികെ വരാമെന്ന് പറഞ്ഞാണ് അവള്‍ പുറത്തു പോയത്. എട്ടു മണിക്കുശേഷവും കാണാതായതോടെ ഫോണില്‍ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. പിന്നീട് മകനെയും കൂട്ടി ബസ് സ്റ്റാന്‍ഡുകളില്‍ പോയി നോക്കിയെങ്കിലും കണ്ടെത്താനായില്ല. പത്തു മണിയോടെ അച്ഛനും എത്തി തെരച്ചില്‍ തുടങ്ങി. പതിനൊന്നു മണി ആയപ്പോഴാണ് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് വിളിയെത്തുന്നത്.

 


മകള്‍ പരിക്കേറ്റ നിലയില്‍ അവിടെ ഉണ്ടെന്നായിരുന്നു ആ അറിയിപ്പ്. ആശുപത്രിയിലെത്തി എന്നെ കണ്ടതും നേര്‍ത്ത ബോധാവസ്ഥയിലും അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഓപ്പറേഷന്‍ റൂമിലേക്ക് കൊണ്ടു പോകുന്‌പോള്‍ അവള്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. അവളുടെ ചുണ്ട് രണ്ടായി പിളര്‍ന്നിരുന്നു. തലയിലെ തൊലി ഉരിഞ്ഞെടുത്ത പോലെയായിരുന്നു. ശരീരം നിറയെ മുറിവുകളും ചതവുമായിരുന്നു. പല മുറിവുകളിലും മാംസം തന്നെ പുറത്തു വന്ന നിലയിലായിരുന്നു. എന്ത് ചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ലെന്നാണു ഡോക്ടര്‍ ആദ്യം പറഞ്ഞത്. ആദ്യം എന്തിന് ചികിത്സ നല്‍കണമെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ പോലും ആശയക്കുഴപ്പത്തിലായിരുന്നു എന്നും ആശാ ദേവി ആ ദിവസങ്ങളെക്കുറിച്ച് വിശദീകരിച്ചു.

 

നിര്‍ഭയ കൊല്ലപ്പെട്ട ഡിസംബര്‍ 16നു തന്നെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിധിയിന്‍മേല്‍ ഉള്ള പുനപരിശോധന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇതു വീണ്ടും നീണ്ടു പോകുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിന് അതീവ വൈകാരിക രംഗങ്ങളാണ് കോടതിക്കുള്ളില്‍ നടന്നത്. വധശിക്ഷ ഏര്‍പ്പെടുത്തുന്നതിനു മുമ്പ് പ്രതികളുടെ നിയമപരമായ അവകാശങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

 

എവിടെ പോയാലും പ്രതികളുടെ അവകാശത്തെ കുറിച്ചു മാത്രമാണ് പറയുന്നതെന്നും ഞങ്ങള്‍ക്കും അവകാശങ്ങളില്ലേയെന്നും നിര്‍ഭയയുടെ അമ്മ കരഞ്ഞുകൊണ്ട് കോടതിയോട് ചോദിച്ചു. നിങ്ങളെ കേള്‍ക്കാനും പിന്തുണയ്ക്കാനുമാണ് കോടതിയുള്ളതെന്നു ചൂണ്ടിക്കാട്ടിയ ജഡ്ജി, നിയമങ്ങള്‍ പിന്തുടരാന്‍ കോടതി ബാധ്യസ്ഥരാണെന്നും വ്യക്തമാക്കുകയുമാണ് ചെയ്തത്. അതിന് മുന്‍പ് പ്രതികളിലൊരാളുടെ അമ്മ കോടതി മുറിയില്‍ തന്റെ മുന്നില്‍ വീണു നിലവിളിച്ചപ്പോഴും ഇതിലൊന്നും തന്റെ മനസ് അലിയില്ലെന്നാണ് ആശാദേവി പറഞ്ഞത്.