Wednesday 23 September 2020
നഗര ചേരികളില്‍ ചോരുന്ന ജീവിതങ്ങള്‍

By online desk.04 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: നഗര വികസനത്തിന്റെ ഫലമായി സ്വന്തം ഭൂമിയോ വീടോ ഇല്ലാതായി പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരാണ് ചേരിനിവാസികളിലധികവും. സര്‍ക്കാര്‍ കണക്കുകളില്‍ പെടാത്തവരാണ് ഇവരിലധികവും. റേഷന്‍ കാര്‍ഡോ തിരിച്ചറിയല്‍ രേഖകളോ ഇല്ലാത്തവരാണ് ചേരിനിവാസികളിലധികവും. എന്നാല്‍ അവരും മനുഷ്യരാണെന്ന് ആരും തിരിച്ചറിയുന്നില്ല. അധികൃതരുടെ അനാസ്ഥയും നോട്ടക്കുറവുംകൊണ്ട് ഒരു ജീവിതവും ചേരികളിലായാലും ഹോമിക്കപ്പെടരുത്. അവര്‍ക്കും നാട്ടിലെ നിയമങ്ങളും സംരക്ഷണവും ആവശ്യമാണ്. തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതോടെ മുറിവേറ്റൊരു പ്രദേശം നഗര ഹൃദയത്തിലുണ്ട്. തലസ്ഥാനത്തെ ഏറ്റവും വലിയ കോളനി. ചെങ്കല്‍ച്ചൂളയെന്നറിയപ്പെടുന്ന രാജാജി നഗര്‍. ഇവിടെ വസിക്കുന്നവരുടെ മണ്ണിലാണ് സെക്രട്ടേറിയറ്റും മറ്റ് സര്‍ക്കാര്‍ കെട്ടിടങ്ങളും പടുത്തുയര്‍ത്തിയിരിക്കുന്നത്. എന്നാല്‍,ചേരിയില്‍ കഴിയുന്നവരുടെ സ്ഥിതി ദുരിത പൂര്‍ണ്ണമാണ്. തലസ്ഥാനത്തെ ഇരുപത്തി നാലോളം ചേരികളിലും ദുരിത ജീവിതം നയിക്കുന്നവരുണ്ട്. കഴിഞ്ഞ ദിവസം ഉപ്പിടാംമൂട് പാലത്തിന് താഴെയുള്ള പുറമ്പോക്കില്‍ താമസിക്കുന്നവരുടെ ദാരുണ കഥ പുറത്തറിഞ്ഞതോടെയാണ് മറ്റു ചേരികളില്‍ വ്രണിത ഹൃദയരായി ജീവിക്കുന്നവരെ കുറിച്ച് അധികൃതര്‍ ബോധവാന്മാരായത്.


മഴയെന്നെഴുതി കാട്ടിയാല്‍ വെള്ളം കയറുന്നവ മുതല്‍ ചതുപ്പും മാലിന്യങ്ങളും നിറഞ്ഞൊഴുകി ഏത് നിമിഷവുംപകര്‍ച്ചവ്യാധികള്‍ പിടിപെടുന്ന സ്ഥിതിയിലുള്ള ചേരികള്‍ വരെയുണ്ട്. ചേരി നിര്‍മ്മാര്‍ജ്ജനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ടുകള്‍ ചിലവഴിക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. നഗരസഭയുടെ നിരവധി പദ്ധതികള്‍ മുറപോലെ നടപ്പാക്കുന്നുണ്ട്. എന്നാല്‍, പല പദ്ധതികളും പാതിവഴിയില്‍ നിന്ന് പോകുകയാണ് പതിവ്.

 

 

ദാരിദ്ര്യവും പട്ടിണിയും ജീവിത രീതിയുടെ ഭാഗം


ചേരി നിവാസികളുടെ ജീവിത രീതിയും സാഹചര്യങ്ങളുമാണ് അവരെ കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുന്നത്. കടുംബനാഥ•ാരുടെ മദ്യപാനം മിക്ക കുടുംബങ്ങളിലും അശാന്തി ഉണ്ടാക്കുന്നുണ്ട്. കൂലിപ്പണിക്ക് പോകുന്നവര്‍ കിട്ടുന്ന ശമ്പളത്തില്‍ അധികവും ചിലവാക്കുന്നത് മദ്യപാനത്തിനാണ.് വീടുകളില്‍ റേഷന്‍ വാങ്ങാന്‍ പോലും പണമില്ലാത്ത ഈ വീടുകളിലെ അമ്മമാര്‍ നഗരത്തിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ തൂക്കാനും തുടയ്ക്കാനും പോയി വരുമാനം കണ്ടെത്തും. ഈ തുച്ഛമായ വരുമാനത്തിലാണ് ടാര്‍പോളിനും ഫ്‌ളക്‌സ് ഷീറ്റുകളും കൊണ്ട് മറച്ച കുടിലുകളില്‍ അടുപ്പ് പുകയുന്നത്. മദ്യപാനവും മയക്കുമരുന്ന് വ്യാപനവും നഗരത്തിലെ ചേരികളുടെ മുഖംതന്നെ മാറ്റിയിട്ടുണ്ട്. ഗുണ്ടാസംഘങ്ങളുടെ താവളങ്ങളും ഇത്തരം കോളനികളാണ്. നഗരത്തില്‍ എവിടെയെങ്കിലും അക്രമം നടന്നാല്‍ പൊലീസ് ആദ്യം കയറുന്നത് ചേരികളിലെ കോളനികളിലായിരിക്കും.


പകരം സംവിധാനത്തോട് മുഖംതിരിക്കുന്നു


നഗരത്തിനുള്ളില്‍ വീര്‍പ്പുമുട്ടി കഴിയുന്നവരെങ്കിലും ചേരികളില്‍ നിന്ന് സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വിശാലമായ ഫ്‌ളാറ്റ് സമുച്ഛയങ്ങളിലേയ്ക്ക് പോകാന്‍ ചേരി നിവാസികള്‍ തയ്യാറാകുന്നില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. നഗരസഭയും സര്‍ക്കാരും ചേരി നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി കോടികള്‍ മുടക്കി ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയാലും ചേരിവിട്ട് പോകാന്‍ ഇവര്‍ തയ്യാറല്ല. നഗരത്തിന്റെ ഹൃദയഭാഗത്തു നിന്ന് പോകുമ്പോള്‍ അര്‍ഹിക്കുന്ന നഷ്ടപരിഹാരം ലഭിക്കണമെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ മറ്റൊരു കൂട്ടര്‍ ചേരി വിട്ട് പോകില്ലെന്ന നിലപാടിലാണ്. തങ്ങളെ മാറ്റുന്നത് വന്‍കിട കമ്പനികള്‍ക്ക് ഭൂമി നല്‍കാനാണെന്ന ധാരണയും ചേരി നിവാസികള്‍ക്കുണ്ട്. പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍ക്ക് ഇത്തരം ഭീഷണിയില്ലെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമാകാതെ പോകുന്നുവെന്ന പോരായ്മയുമുണ്ട്.

 

അസൗകര്യങ്ങളുടെ ചേരികൾ 

 

പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവരാണ് നഗരത്തിലെ ചേരികളില്‍ താമസിക്കുന്നവരില്‍ അധികവും. തലസ്ഥാനത്തെ ഭൂരിഭാഗം ഭൂമിയും സ്വകാര്യവ്യക്തികളുടെ കൈവശമാണ്. ബാക്കി സര്‍ക്കാര്‍ സ്ഥലങ്ങളാണ്. സര്‍ക്കാര്‍ പുറമ്പോക്കുകളിലും ചേരികളിലും കാലങ്ങളായി കീഴാള വിഭാഗങ്ങളുടെ ദൈന്യതയാര്‍ന്ന ജീവിതങ്ങളാണ് കാണാനാകുന്നത്. തൊഴില്‍ സാഹചര്യങ്ങളോ ജീവിത ചുറ്റുപാടുകളോ ഇല്ലാത്ത ഇടങ്ങള്‍. അടച്ചുറപ്പില്ലാത്ത വീടുകളില്‍ അന്തിയുറങ്ങുന്ന പ്രായമായ പെണ്‍കുട്ടികള്‍. കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം വാര്‍ദ്ധക്യം ബാധിച്ചവര്‍. സിമന്റ് പാകിയ നിരത്തുകളില്‍ സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തില്‍ കളിക്കുന്ന കുരുന്നുകള്‍. പട്ടികജാതി-വര്‍ഗ വകുപ്പ് പോലും തിരിഞ്ഞു നോക്കാത്ത ഇടങ്ങളിലാണ് ഇന്നും ഇവരുടെ ജീവിതങ്ങള്‍.

 

നഗരത്തിലെ ചേരികള്‍


പാരവിള (വലിയശാല), ലക്ഷംവീട് (ഇടവക്കോട്), പഴയാറ്റിന്‍കുഴി (ശാസ്തമംഗലം), പുത്തന്‍പാലം (കണ്ണമ്മൂല), പുളളിയന്‍(ആക്കുളം), പഴഞ്ചിക്കല്‍ പാലം(അമ്പലത്തറ), വാഴമുട്ടം ചെമ്പന്‍(പൂങ്കുളം), ചിത്രാനഗര്‍ (പൂജപ്പുര), മൈത്രി നഗര്‍(ചാക്ക), നേതാജി (വട്ടിയൂര്‍ക്കാവ്), കാക്കോട്ടുകോണം (തിരുമല), ഗംഗാനഗര്‍ (കമലേശ്വരം), നെല്ലളളിയൂര്‍ (കേശവദാസപുരം), ബാര്‍ട്ടണ്‍ ഹില്‍ (കുന്നുകുഴി), വിഘ്‌നേശ്വര നഗര്‍ (പാളയം), മുളളന്‍വാഴവിള (പി.റ്റി.പി നഗര്‍), താമരം (കാലടി), തെനവിള (പുഞ്ചക്കരി), ആലപ്പുറം (പോങ്ങുംമൂട്), കണ്ണംകോട് പുറമ്പോക്ക് (വെളളാര്‍), ശ്രീ ചിത്രാനഗര്‍ (ശംഖുംമുഖം), മാധവപുരം കോളനി(വെട്ടുകാട്), പുലിനാപുരം-കരിമണ്‍ കുളം (വലിയവിള), ഇടയാര്‍ (പാച്ചല്ലൂര്‍) എന്നിവയാണ് നഗരത്തിലെ പ്രധാനചേരികള്‍.