Saturday 24 September 2022




പാസ്പോര്‍ട്ടുകളുടെ പട്ടിക പുറത്തിറക്കി; ഒന്ന് ജപ്പാന്‍, ഇന്ത്യ 87 ,പാക്കിസ്ഥാന് നാലാമത്

By parvathyanoop.21 Jul, 2022

imran-azhar

പാസ്പോര്‍ട്ടുകള്‍ റാങ്ക് ചെയ്യുന്നത് മൊബിലിറ്റി സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് .2022-ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക അടുത്തിടെ പുറത്തിറക്കി ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ്. 199 വ്യത്യസ്ത പാസ്‌പോര്‍ട്ടുകള്‍, 227 വ്യത്യസ്ത യാത്രാ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സൂചികയാണിത്. ഈ വര്‍ഷത്തെ പാസ്പോര്‍ട്ട് റാങ്കിംങ്ങില്‍ ഒന്നാം സ്ഥാനത്ത് ജപ്പാന്‍ ആണ്.199 രാജ്യങ്ങളില്‍ ജപ്പാന്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഇന്ത്യ 87-ാം സ്ഥാനത്താണ്.

 

അതേസമയം, ലോകത്തിലെ ഏറ്റവും മോശം പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ പാക്കിസ്ഥാന് നാലാമത്തെ സ്ഥാനമുണ്ടെന്നും ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ പറയുന്നു.യാത്രാ വിവരങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാബേസ് പരിപാലിക്കുന്ന ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. റാങ്കിംഗ് അനുസരിച്ച്, ജപ്പാന്‍, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകള്‍ ഉണ്ട്. മിക്ക രാജ്യങ്ങളിലേക്കും ഇവ തടസരഹിത പ്രവേശനം നല്‍കുന്നുണ്ട്.

 

ജാപ്പനീസ് പാസ്പോര്‍ട്ട് 193 രാജ്യങ്ങളിലേക്കാണ് തടസ്സരഹിത പ്രവേശനം നല്‍കുന്നത്. സിംഗപ്പൂരും ദക്ഷിണ കൊറിയയും 192 രാജ്യങ്ങളിലേക്കും പ്രവേശനം നല്‍കുന്നു.നേപ്പാള്‍, ഇന്തോനേഷ്യ, ഭൂട്ടാന്‍, മക്കാവു എന്നിവയുള്‍പ്പെടെ 60 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ-ഫ്രീ/വിസ-ഓണ്‍-അറൈവല്‍ പ്രവേശനം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയുടെ പാസ്പോര്‍ട്ട് 87-ാം സ്ഥാനത്താണ്.

 

2021-ല്‍ 1.6 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചുവെന്ന് അടുത്തിടെ സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിച്ചിരുന്നു. ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. അവരില്‍ ഭൂരിഭാഗവും യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്കും (78,284) ഓസ്ട്രേലിയയിലേക്കും (23,533), കാനഡയിലേക്കും (21,597) യുകെയിലേക്കും (14,637) കുടിയേറിയത്.

 

മൊബിലിറ്റി സ്‌കോര്‍ കൂടുന്തോറും പാസ്പോര്‍ട്ട് പവര്‍ റാങ്ക് മെച്ചപ്പെടും. വിസ രഹിത അല്ലെങ്കില്‍ വിസ ഓണ്‍ അറൈവല്‍ ഉപയോഗിച്ച് സ്വീകരിക്കുന്ന പാസ്പോര്‍ട്ടുകളുടെ എണ്ണം അനുസരിച്ചാണ് രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്.