Wednesday 07 December 2022




സ്‌ഫോടകവസ്തു നിര്‍മ്മിക്കാനുള്ള വസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്തു; കോയമ്പത്തൂരില്‍ ഒരാള്‍ കസ്റ്റഡിയില്‍

By Shyma Mohan.24 Nov, 2022

imran-azhar

 


കോയമ്പത്തൂര്‍: സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത സംഭവത്തില്‍ ഒരാള്‍ക്കെതിരെ കോയമ്പത്തൂര്‍ പോലീസ് കേസെടുത്തു. ഓണ്‍ലൈനില്‍ സ്‌ഫോടക സാധനസാമഗ്രികള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് രണ്ടുപേരെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.

 

കോയമ്പത്തൂര്‍ പീളമേട് സ്വദേശി സെന്തില്‍കുമാര്‍ എന്നയാള്‍ 100 ഗ്രാം പൊട്ടാസ്യം നൈട്രേറ്റും 100 ഗ്രാം സള്‍ഫറും ഓര്‍ഡര്‍ ചെയ്തതായി പോലീസിന് വിവരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് സെന്തില്‍ കുമാറിനെ എന്‍ഐഎ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ തനിക്ക് കടയുണ്ടെന്നും ജീവനക്കാരനായ മാരിയപ്പനാണ് രാസവസ്തുക്കള്‍ക്കായി ഇ-കൊമേഴ്‌സ് ഓര്‍ഡര്‍ നല്‍കിയതെന്നും സെന്തില്‍കുമാര്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പോലീസ് മാരിയപ്പനെ അറസ്റ്റ് ചെയ്തത്. ഇയാളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

 

2013ല്‍ മാരിയപ്പന്റെ ബന്ധുവായ രാമമൂര്‍ത്തിയെ മഹാരാജനും കൂട്ടാളികളും ചേര്‍ന്ന് ആക്രമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികാരമായി മാരിയപ്പന്‍ അഞ്ചംഗങ്ങളെ മര്‍ദ്ദിച്ചു. മാരിയപ്പനെതിരെ അഞ്ച് വധശ്രമക്കേസുകളും കഞ്ചാവ് കേസും നിലവിലുണ്ട്. ഒക്ടോബര്‍ 23ന് കോയമ്പത്തൂരിലെ ഒരു ക്ഷേത്രത്തില്‍ നടന്ന സ്‌ഫോടനത്തിന് പിന്നാലെ അതീവ ജാഗ്രതയിലാണ് സംസ്ഥാന പോലീസ്.