By online desk .17 Nov, 2020
വാഷിംഗ്ടണ്‍: ഫൈസര്‍ വാക്സിനു പിന്നാലെ കോവിഡിന് 95 ശതമാനം ഫലപ്രദമായ വാക്സിനുമായി യുഎസ് കമ്പനിയായ മോഡേണ. ആഴ്ചകള്‍ക്കുള്ളില്‍ വാക്സിന് പരീക്ഷിക്കാനുള്ള അനുമതി തേടുമെന്നും കമ്പനി അറിയിച്ചു. 30,000 പേരെയാണ് വാക്സിന് പരീക്ഷണങ്ങള്‍ക്കായി തെരഞ്ഞെടുത്തത്. ഇവരില്‍ പകുതി പേര്‍ക്ക് രണ്ടാഴ്ചത്തെ ഇടവേളയില്‍ രണ്ട് ഡോസ് വാക്സിന് നല്കി.
മറ്റുള്ളവര്‍ക്ക് ഡമ്മി ഇന്‍ജക്ഷനുകളും നല്കി. വാക്സിന് നല്കിയവരില് അഞ്ചു ശതമാനത്തിനു മാത്രമായിരുന്നു വൈറസ് ബാധ. എന്നാല്‍, ഡമ്മി ചികിത്സ നല്കിയ 90 ശതമാനത്തിനും വൈറസ് ബാധ ഉണ്ടായി. 94.5 ശതമാനം സംരക്ഷണം വാക്സിന് നല്‍കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. യുഎസില്‍ 20 ദശലക്ഷം വാക്സിനുകള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അനുമതി ലഭിച്ചാല്‍, അടുത്ത വര്‍ഷത്തോടെ ലോകത്താകമാനം ബില്ല്യന്‍ വാക്സിനുകള്‍ നല്കാന് കഴിയുമെന്നും കമ്പനി അറിയിച്ചു.
നിലവില്‍ വാക്സിന്റെ സംരക്ഷണം എത്രകാലം നീണ്ടുനില്‍ക്കുമെന്ന് പറയാറായിട്ടില്ല. കോവിഡ് മാരകമാകുന്ന വൃദ്ധരില്‍ ഈ ആര്‍എന്‍എ വാക്സിന് മികച്ച സംരക്ഷണം നല്‍കുമെന്നാണ് ഇതുവരെയുള്ള പരീക്ഷണഫലങ്ങളില്‍ നിന്നുള്ള സൂചന. വാക്സിന്റെ ഉപയോഗത്തില്‍ കാര്യമായ സുരക്ഷാപ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റഷ്യന്‍, ഫൈസര്‍ വാക്സിനുകള്‍ക്കു പിന്നാലെ മോഡേണ വാക്സിന് കൂടി എത്തുന്നതോടെ സമീപഭാവിയില്‍ തന്നെ കോവിഡ് മഹാമാരിയെ ഫലപ്രദമായി പിടിച്ചുകെട്ടാനാവും എന്ന പ്രതീക്ഷയാണുള്ളത്.