Monday 11 December 2017

ദിവാകര്‍ റെഡ്ഡിക്ക് വിലക്കുമായി കൂടുതല്‍ വിമാനക്കന്പനികള്‍

By Subha Lekshmi B R.16 Jun, 2017

imran-azhar

വിശാഖപട്ടണം: വൈകിയെത്തിയതിനെ തുടര്‍ന്ന് വിമാനത്തില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ച ജീവനക്കാരെ അസഭ്യം പറഞ്ഞ ടിഡിപി എംപി ജെ.സി. ദിവാകര്‍ റെഡ്ഡിക്ക് കൂടുതല്‍ വിമാനക്കന്പനികളുടെ യാത്രാവിലക്ക്. എയര്‍ ഇന്ത്യയ്ക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സിനും പുറമെ സ്പെയ്സ് ജെറ്റ്, ഗോഎയര്‍, ജെറ്റ് എയര്‍വെയ്സ്, വിസ്താര എന്നീ കന്പനികള്‍കൂടി റെഡ്ഡിക്ക് യാത്രാവിലക്കേര്‍പ്പെടുത്തി.

 

വിശാഖപട്ടണം വിമാനത്താവളത്തിലാണ് ദിവാകര്‍ റെഡ്ഡി ഇന്‍ഡിഗോ അധികൃതരുമായി വഴക്കുണ്ടാക്കിയത്. ഹൈദരാബാദിലേക്കു പോകാനായി വിമാനം പുറപ്പെടുന്നതിനു 28 മിനിറ്റ് മുന്പ് മാത്രം വിശാഖപട്ടണം വിമാനത്താവളത്തിലെത്തിയ റെഡ്ഡിയെ ജീവനക്കാരന്‍ വിമാനത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു തടഞ്ഞു. ചെക്ക് ഇന്‍ കൌണ്ടറിലെത്തിയ എംപിയോട് പ്രവേശനം അവസാനിച്ചുവെന്ന് ജീവനക്കാരന്‍ അറിയിക്കുകയായിരുന്നു. ഇതോടെ ദിവാകര്‍ റെഡ്ഡി തന്നോട് മോശമായ ഭാഷയില്‍ പ്രതികരിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നെന്നും ജീവനക്കാരന്‍ ആരോപിക്കുന്നു. കൂടാതെ, ഓഫീസിലെ ഫര്‍ണിച്ചറുകളും പ്രിന്‍ററും നശിപ്പിച്ചതായും പരാതിയുണ്ട്. ഇതു വിവാദമായതോടെ എയര്‍ ഇന്ത്യയും ഇന്‍ഡിഗോ എയര്‍ലൈന്‍സും ദിവാകര്‍ റെഡ്ഡിയെ വിലക്കിയിരുന്നു.