Saturday 06 June 2020




നിര്‍ഭയ കേസ്; പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന്

By online desk.05 Mar, 2020

imran-azhar

 


ദില്ലി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20 ന് നടപ്പാക്കും. മാര്‍ച്ച് 20 ന് രാവിലെ ആറ് മണിക്കാണ് പ്രതികളായ പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് ഠാക്കൂർ, മുകേഷ് സിംഗ് എന്നിവരുടെ വധശിക്ഷ നടപ്പാക്കുക. എല്ലാവരുടെയും ദയാഹർജികൾ തള്ളിയ സാഹചര്യത്തിലാണ് കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്. നിർഭയ കേസിലെ എല്ലാ പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കുന്നതിനു പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തിഹാർ ജയിലധികൃതർ പട്യാല ഹൗസ് അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഹർജി ഫയലില്‍ സ്വീകരിച്ച കോടതി പ്രതികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

 

നിർഭയ കേസ് മാർച്ച് 3 വധശിക്ഷ നടക്കാനിരിക്കെ പ്രതി പവൻ ഗുപ്ത നൽകിയ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരുന്നു. പവൻ ഗുപ്തയുടെ ദയാഹർജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തിരുന്നു. നിർഭയ കേസിലെ മറ്റ് മൂന്നു പ്രതികളുടെയും ദയാഹർജി നേരത്തെ രാഷ്ട്രപതി തള്ളിയതാണ്. നാലാമത്തെ പ്രതിയുടെ ദയാഹർജിയും രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. ഇതോടെ കേസിലെ പ്രതികള്‍ക്കു മുന്നിലെ നിയമപരമായ അവകാശങ്ങളെല്ലാം അവസാനിച്ചിരിക്കയാണ്.