Tuesday 24 October 2017

ദിലീപിന് ജാമ്യമില്ല: നിഷേധിക്കുന്നത് നാലാം തവണ

By SUBHALEKSHMI B R.18 Sep, 2017

imran-azhar

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് ജാമ്യമില്ല. അങ്കമാലി കോടതി വീണ്ടും ജാമ്യം നിഷേധിക്കുകയായിരുന്നു. നേരത്തേ ഒരു തവണ അങ്കമാലി കോടതിയും പിന്നീട് ഹൈക്കോടതിയും രണ്ടു തവണ ദിലീപിന്‍റെ ജാമ്യാപേക്ഷ തളളിയിരുന്നു. നടന്‍റെ റിമാന്‍ഡ് കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നെങ്കിലും വീണ്ടും നീട്ടിയിരുന്നു.

 

നടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു പൊലീസ് ഉന്നയിച്ചതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 10 വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കുറ്റമായതിനാല്‍ 65 ദിവസങ്ങളായി റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്കു ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗം വാദം. ജൂലായ് പത്തിനാണ് കേസില്‍ ദിലീപ് അറസ്റ്റിലായത്.


എന്നാല്‍ കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം നല്‍കിയാല്‍ സാകഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നുമുള്ള പ്രോസിക്യൂഷന്‍ നിലപാട് അങ്കമാലി മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.

 

ശനിയാഴ്ച അടച്ചിട്ട മുറിയിലാണു കേസിന്‍െറ വാദം നടന്നത്. ഒന്നര മണിക്കൂറോളം ഹര്‍ജിയില്‍ വാദം നീണ്ടു. വാദം നടക്കുന്നതിനിടെ സുപ്രീംകോടതിയിലെ ഒരു അഭിഭാഷകന്‍ അങ്കമാലി കോടതിയില്‍ കുറച്ചുനേരം തങ്ങിയ ശേഷം മടങ്ങിയതും ശ്രദ്ധേയമായി. ഇരു ഭാഗത്തിന്‍റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി, വിധി പറയാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.