Wednesday 19 September 2018



ഓഖി ധനസഹായത്തിനുളള നടപടികള്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

By SUBHALEKSHMI B R.13 Dec, 2017

imran-azhar

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ കുടുംബങ്ങളിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ധനസഹായം ഉടന്‍ നല്‍കുമെന്നും വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

 

1843 കോടി കേന്ദ്രസഹായം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഓഖി ദുരന്തം വിലയിരുത്തുന്നതിനായി കേന്ദ്ര സംഘത്തെ അയക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇതിനായി വിവിധ വകുപ്പുസെക്രട്ടറിമാര്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരായ മാതാപിതാക്കള്‍ ഉണ്ടെങ്കില്‍ അവര്‍ക്കായി അഞ്ച് ലക്ഷം രൂപയും അവിവാഹിതരായ പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ വിവാഹ ആവശ്യങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായത്തില്‍ നിന്നു മാറ്റി വയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സഹായധനം ഒരുമിച്ച് കഴിയുന്നത്ര വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.