Tuesday 19 January 2021




'ജീവിത്തിലെ ഏറ്റവും ഭീകരമായ നിമിഷമായിരുന്നു അത്; ഓക്‌സിജന്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യം എന്നെ ഭയപ്പെടുത്തി': പെപെ റെയ്‌ന

By Online Desk .02 Apr, 2020

imran-azhar

 

റോം: രണ്ടാഴ്ച നീണ്ടു നിന്ന കോവിഡ് 19 ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിരിക്കുകയാണ് ആസ്റ്റണ്‍ വില്ല ഗോള്‍ കീപ്പര്‍ പെപെ റെയ്‌ന. താന്‍ അനുഭവിച്ച രോഗാവസ്ഥയുടെ ഭീകര നിമിഷങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ''രോഗബാധയുടെ ആദ്യ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ മുതല്‍ തന്നെ ഞാന്‍ വളരെ ക്ഷീണിതനായിരുന്നു. പനിയും വരണ്ട ചുമയും തലവേദനയും ഉണ്ടായിരുന്നു. അതൊക്കെ അസഹനീയമായിരുന്നു. പക്ഷേ, അതിലും ഗുരുതരമായ നിമിഷങ്ങള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. 25 മിനിറ്റോളം എനിക്ക് ശ്വാസമെടുക്കാന്‍ സാധിച്ചില്ല. ഓക്‌സിജന്‍ ലഭിക്കാന്‍ ബുദ്ധിമുട്ടി. ജീവിത്തിലെ ഏറ്റവും ഭീകരമായ നിമിഷമായിരുന്നു അത്. ഓക്‌സിജന്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യം എന്നെ ഭയപ്പെടുത്തി. എന്റെ തൊണ്ട അടയാന്‍ തുടങ്ങി. പുറത്തിറങ്ങാതെ എട്ട് ദിവസത്തോളം ഞാന്‍ എന്റെ മുറിയില്‍ തന്നെ ആയിരുന്നു. പക്ഷേ, വീട്ടില്‍ ഞാന്‍ എന്റെയൊപ്പം ഭാര്യ യോലന്‍ഡയും അഞ്ച് മക്കളും രണ്ട് മരുമക്കളും ഉണ്ടായിരുന്നു. അവര്‍ തന്ന പിന്തുണയായിരുന്നു എന്റെ കരുത്ത്''. ഇറ്റാലിയന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.