Wednesday 07 December 2022




തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുകയെന്ന ഉദ്ദേശം മാത്രമേയുള്ളൂവെന്നും പി ജെ കുര്യന്‍

By parvathyanoop.24 Sep, 2022

imran-azhar

 

 
കൊച്ചി:  എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ജി 23 ക്ക് പ്രത്യേകം സ്ഥാനാര്‍ത്ഥിയില്ലായെന്ന് പി ജെ കുര്യന്‍. ശശി തരൂരും മനീഷ് തിവാരിയും സ്വന്തം നിലയ്ക്ക് മത്സരിക്കുകയാണ്. മനീഷ് തിവാരിയാണ് ജി 23 യോട് അടുത്ത് നില്‍ക്കുന്ന നേതാവെന്നും പി ജെ കുര്യന്‍ പറഞ്ഞു.

 

തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുകയെന്ന ഉദ്ദേശം മാത്രമേയുള്ളൂവെന്നും പി ജെ കുര്യന്‍ വ്യക്തമാക്കി.രാഹുല്‍ ഗാന്ധി പോലും ഇക്കാര്യത്തില്‍ സമാന നിലപാടാണ് എടുക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തണം എന്ന ആവശ്യമാണ് ഞങ്ങള്‍ ഉന്നയിച്ചത്. ഗാന്ധി കുടുംബത്തില്‍ നിന്നല്ലെങ്കില്‍ പുറത്ത് നിന്ന് അദ്ധ്യക്ഷന്‍ വരട്ടെ. അതല്ലേ ഇപ്പോള്‍ നടപ്പില്‍ വരുത്തുന്നതെന്നും പി ജെ കുര്യന്‍ ചോദിച്ചു.

 

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മലയാളി/ നോണ്‍ മലയാളി പ്രസിഡന്റ് തന്നെ വേണമെന്ന് താന്‍ ചിന്തിക്കുന്നില്ലെന്ന് ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് പ്രതികരിച്ചുകൊണ്ട് പി ജെ കുര്യന്‍ പറഞ്ഞു. ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനാവുന്നത് മലയാളികള്‍ക്ക് അഭിമാനമല്ലേയെന്നായിരുന്നു ചോദ്യം. എന്നാല്‍ കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വത്തെയാണ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

 

എനിക്ക് അതിനോട് യോജിക്കാന്‍ കഴിയില്ല. മലയാളി, തമിഴ്, ഹിന്ദി എന്ന വ്യത്യാസം ഇല്ല. മലയാളി പ്രസിഡന്റ് വേണമെന്ന ചിന്ത എനിക്കില്ല. പാര്‍ട്ടിക്ക് പ്രയോജനമുള്ള, ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്ന, ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളയാളുകള്‍ വേണമെന്നും കുര്യന്‍ പറഞ്ഞു.അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്.

 

അതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിനെ പിന്തുണക്കുമെന്ന് ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ എംഎല്‍എമാര്‍ അറിയിച്ചു.ഇരട്ട പദവി വഹിക്കാനാവില്ലെന്ന് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കിയോതോടെ ഇന്നലെ തന്നെ മുഖ്യമന്ത്രി പദം ഒഴിഞ്ഞേക്കുമെന്ന സൂചന ഗലോട്ട് നല്‍കിയിരുന്നു.