Sunday 24 January 2021




പൊലീസ് നിയമ ഭേദഗതിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

By online desk .24 Nov, 2020

imran-azhar

 


പൊലീസ് നിയമഭേദഗതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. സർക്കാർ തീരുമാനം വരുന്നതുവരെ നടപടികളൊന്നും പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയോ, സ്വമേധയാ കേസെടുക്കയോ ചെയ്യരുതെന്നും ഹൈക്കോടതി പൊലീസിന് നിർദേശം നൽകി.
സർക്കാർ ഇന്നലെ പൊലീസ് നിയമ ഭേദഗതിയിൽ നിന്ന് പിന്മാറിയിരുന്നു. ഭേദഗതി തത്ക്കാലം നടപ്പിലാക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. നിയമസഭയിൽ ചർച്ചകൾ നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ഇതിൽ തീരുമാനമുണ്ടാകും വരെ നടപടികൾ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്.

ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളിൽ നിന്നാണ് പ്രതിക്ഷേധങ്ങൾ ഉയർന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും ഇക്കൂട്ടത്തിലൂണ്ടായിരുന്നു. അതിനാൽ തന്നെ ഈ സാഹചര്യത്തിൽ നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. വിശദമായ ചർച്ചകൾ നിയമസഭയിൽ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായ പി.കെ ഫിറോസിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ 118 എ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന ആവശ്യമുന്നയിച്ച് മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി പി.എ ഫഹദ് റഹ്മാൻ പരാതിപ്പെട്ടിരുന്നു. നിയമഭേദഗതി പ്രകാരം വരുന്ന ആദ്യ പരാതിയാണിത്.