Thursday 22 August 2019




വ്യോമ പാത വീണ്ടുമടച്ച് പാകിസ്ഥാന്‍

By Neha C N .08 Aug, 2019

imran-azhar

ഇസ്ലാമാബാദ്: കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ പ്രതികാര നടപടിയുമായി പാകിസ്ഥാന്‍. വ്യോമ പാതകളില്‍ ഒന്ന് അടച്ചാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് തിരിച്ചടി നല്‍കിയത്. ഇതോടെ വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. അതേസമയം പാകിസ്ഥാന്‍ വ്യോമപാത അടച്ചതിനാല്‍ വിമാനയാത്രയ്ക്ക് 12 മിനിറ്റ് അധികം വേണ്ടി വരുമെന്നു എയര്‍ ഇന്ത്യ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അജയ് ബിസാരിയയെ പാകിസ്ഥാനില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി. കൂടാതെ ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറെ മടക്കിവിളിച്ചിട്ടുമുണ്ട്.

യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടിങ്ങളിലേക്കായി അന്‍പതോളം സര്‍വീസുകള്‍ പാക് വ്യോമപാതയിലൂടെ എയര്‍ ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ പാത മാറേണ്ടി വരുമെങ്കിലും ഇത് സര്‍വീസുകളെ കാര്യമായി ബാധിക്കില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. നേരത്തേ ബാലാക്കോട്ട് ആക്രമണങ്ങള്‍ക്കു പിന്നാലെ പാകിസ്ഥാന്‍ അവരുടെ ആകാശത്ത് ഇന്ത്യന്‍ വിമാനങ്ങള്‍ക്കു പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞമാസമാണ് ഈ വിലക്ക് പിന്‍വലിച്ച് പാകിസ്ഥാന്‍ വ്യോമപാത വീണ്ടും തുറന്നു നല്‍കിയത്. വ്യോമപാത അടച്ച തീരുമാനത്തിലൂടെ അന്ന് വിമാനക്കമ്പനികള്‍ക്കും പാകിസ്ഥാനും കോടികളുടെ നഷ്ടമാണ് ഉണ്ടായത്.


അതേസമയം പാക് ഹൈക്കമ്മീഷണറായി നിയമിതനായി ഈ മാസം സ്ഥാനമേറ്റെടുക്കാനിരുന്ന മൊയിനുല്‍ ഹഖിനെ ഡല്‍ഹിയിലേയ്ക്ക് അയയ്ക്കുന്നില്ലെന്നാണ് വിവരം. ഇന്ത്യയുമായുള്ള വ്യാപാരം മരവിപ്പിക്കാനും പരസ്പരം സഹകരിച്ചുള്ള നടപടികള്‍ പുനഃപരിശോധിക്കാനും പാകിസ്ഥാന്‍ നേതൃത്വം തീരുമാനിച്ചു.