Wednesday 03 June 2020




കറാച്ചിയിൽ പാകിസ്ഥാൻ വിമാനം തകർന്ന് വീണ് 92 പേർ മരിച്ചു; 2 പേർ രക്ഷപ്പെട്ടു

By Akhila Vipin .23 May, 2020

imran-azhar

 

ഇസ്ലാമാബാദ്: തെക്കൻ പാകിസ്ഥാൻ നഗരമായ കറാച്ചിയിൽ വിമാനം തകർന്ന് വീണ് 92 പേർ മരിച്ചു. കിഴക്കൻ നഗരമായ ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് വന്ന പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പി‌എ‌എ) എയർബസ് എ 320 ആണ് അപകടത്തിൽപ്പെട്ടത്. നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്നുള്ള കറാച്ചിയിലെ ജനസാന്ദ്രതയുള്ള മോഡൽ കോളനി പ്രദേശത്തെ വീടുകൾ നിന്ന ഭാഗത്താണ് വിമാനം തകർന്നു വീണത്. വിമാനത്തിലെ രണ്ട് പുരുഷ യാത്രക്കാർ അപകടത്തിൽ നിന്ന് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.  

 

വിമാനത്താവളത്തിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുൻപാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ കുറഞ്ഞത് 91 യാത്രക്കാരുണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 60 പേരുടെ മൃതദേഹങ്ങൾ കറാച്ചിയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ജിന്ന പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ സെന്ററിലും കറാച്ചിയിലെ 32 മൃതദേഹങ്ങൾ സിവിൽ ഹോസ്പിറ്റലിലേക്കും മാറ്റിയതായി ആരോഗ്യ മന്ത്രാലയ വക്താവ് മീരൻ യൂസഫ് ടെലിഫോൺ വഴി പറഞ്ഞു. രക്ഷപ്പെട്ട രണ്ട് പേരെ കറാച്ചിയിലെ ആശുപത്രികളിൽ ചികിത്സയിലാണെന്നും ഇതുവരെ 19 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യൂസഫ് പറഞ്ഞു.

 

സംഭവ സ്ഥലത്ത് വെച്ച് നിരവധി പരിസരവാസികൾക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് വന്ന വിമാനം എയർബസ് എ 320 ലാൻഡിങ്ങിനായി തയ്യാറെടുക്കുകയായിരുന്നു. ലാൻഡിങ്ങിനു തൊട്ട് മുൻപ് സാങ്കേതിക പ്രശ്‌നമുണ്ടെന്നാണ് അവസാനമായി ലഭിച്ച പൈലറ്റിന്റെ സന്ദേശം. വിമാനം ലാൻഡ് ചെയ്യാൻ രണ്ട് റൺ‌വേകളും ലഭ്യമാണെന്ന് പൈലറ്റിനെ അറിയിച്ചിരുന്നു. പി‌എ‌എ മേധാവി അർഷാദ് മാലിക് പറഞ്ഞു.

 


ഇടുങ്ങിയ തെരുവുകളിലെ വീടുകൾക്ക് മുകളിൽ കട്ടിയുള്ള പുക ഉയർന്നു. വിമാനം വന്നു പതിച്ചതിന്റെ ആഘാതത്തിൽ നിരവധി വീടുകൾ തകർന്നു. പെട്ടെന്ന് വിമാനം ഉയരത്തിൽ നിന്ന് താഴേക്ക് വരികയും റൺവേയിൽ നിന്ന് മോഡൽ കോളനി പരിസരത്തേക്ക് ഇടിക്കുകയുമായിരുന്നു വെന്ന് സാക്ഷികൾ പറയുന്നു. പാക്കിസ്ഥാന്റെ എയർബസ് എ 320 ലാഹോറിൽ നിന്ന് പുറപ്പെട്ട് ഏതാണ്ട് ഒന്നര മണിക്കൂറുകൾക്ക് ശേഷം കറാച്ചിയിലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2: 45 ന് (09:45 ജിഎംടി) ലാൻഡ് ചെയ്യേണ്ടതായിരുന്നു. എമർജൻസി എക്സിറ്റ് ഡോർ ഉൾപ്പെടെ വിമാനത്തിന്റെ ചില ഭാഗങ്ങൾ തെരുവുകളിൽ പരന്നുകിടക്കുകയാണ്. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രികളിൽ എത്തിക്കാൻ ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു.

 


മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻ‌എ പരിശോധന നടത്തുകയാണ്. അതിനു ശേഷം മൃതദേഹം കുടുംബങ്ങൾക്ക് വിട്ട് നൽകും. കൊറോണ വൈറസ് മഹാമാരിക്ക് ശേഷം പാകിസ്ഥാൻ കഴിഞ്ഞയാഴ്ചയാണ് പരിമിതമായ ആഭ്യന്തര വിമാന പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. വെള്ളിയാഴ്ചയുണ്ടായ തകരാറിനെക്കുറിച്ച് അടിയന്തര അന്വേഷണത്തിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉത്തരവിട്ടു.