Saturday 23 September 2017

ഭൂരിപക്ഷം തെളിയിക്കാന്‍ പളനിസാമി; എംഎല്‍എമാരെ ലക്ഷ്യമിട്ട് ഒപിഎസ്

By Subha Lekshmi B R.17 Feb, 2017

imran-azhar

ചെന്നൈ: തമിഴ്നാടിന്‍റെ പുതിയ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ശനിയാഴ്ച വിശ്വാസ വോട്ടു തേടും. ഒപ്പമുള്ളവരെ കൂടെ നിര്‍ത്താനുളള ശ്രമത്തിലാണ് പളനിസാമി. എന്നാല്‍ കൂടുതല്‍ പേരെ തന്‍റെ ഭാഗത്തെത്തിക്കാന്‍ പനീര്‍സെല്‍വം ശ്രമം തുടങ്ങി. നാളെ രാവിലെ 11ന് ആണ് വിശ്വാസവോട്ടെടുപ്പ് നടക്കുന്നത്.

 

സത്യപ്രതിജ്ഞയ്ക്കുശേഷം എംഎല്‍എമാരെല്ളാം കൂവത്തൂരിലെ റിസോര്‍ട്ടിലേക്കുതന്നെയാണ് വീണ്ടും പോയത്. ഇവിടെ താമസിക്കുന്ന 124 പേരില്‍ 117 പേര്‍ പിന്തുണച്ചാല്‍ പളനിസാമിക്ക് മുഖ്യമന്ത്രിയായി തുടരാം. ശശികല ക്യാംപില്‍ ആശങ്കയുണ്ടെങ്കിലും പനീര്‍സെല്‍വം ഉയര്‍ത്തുന്ന വെല്ളുവിളിയെ മറികടക്കാനാകുമെന്ന കണക്കൂകൂട്ടലിലാണ് അവര്‍.

 

തിരഞ്ഞെടുപ്പില്‍ ജയിച്ച് അണ്ണാ ഡിഎംകെയുടെ 136 പേരാണ് നിയമസഭയിലെത്തിയത്. ജയലളിത മരിച്ചതിനാല്‍ നിലവില്‍ അംഗസംഖ്യ 135, ഒരാള്‍ സ്പീക്കര്‍. 124 പേരുടെ പിന്തുണയാണ് എടപ്പാടി പളനിസാമിക്ക്. ഇവര്‍ ഇപ്പോഴും കൂവത്തൂരിലെ റിസോര്‍ട്ടില്‍ തുടരുന്നതിനാല്‍ കേവല ഭൂരിപക്ഷം ഉറപ്പിക്കുകയെന്നത് പളനിസാമിക്ക് ബുദ്ധിമുട്ടാകില്ള.
എന്നാല്‍ പനീര്‍സെല്‍വം ക്യാന്പിലേക്ക് ഇനി എംഎല്‍എമാരുടെ കൊഴിഞ്ഞു പോക്കുണ്ടായാല്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലാകും.

 

പനീര്‍സെല്‍വത്തിനു പത്ത് എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. ഡിഎംകെയുടെയും കോണ്‍ഗ്രസിന്‍റെയും പിന്തുണ ലഭിച്ചാലും സര്‍ക്കാര്‍ രൂപീകരിക്കാനാവില്ല. എന്നാല്‍ ശശികല ക്യാന്പില്‍നിന്നു പത്തു പേരെയങ്കിലും അടര്‍ത്തിയെടുത്താല്‍ സര്‍ക്കാരിനെ വീഴ്ത്താം. അങ്ങനെ വീണ്ടും തിരഞ്ഞെടുപ്പിലേക്കു കാര്യങ്ങള്‍ എത്തിക്കാനാണ് പനീര്‍സെല്‍വത്തിന്‍റെ ശ്രമം.