Sunday 23 July 2017

മണിക്കൂറുകള്‍ നീണ്ട യോഗം അവസാനിച്ചു; വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ പൊലീസ്

By Farsana Jaleel.05 Jul, 2017

imran-azhar

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആലുവ പൊലീസ് ക്ലബ്ബില്‍ ചേര്‍ന്ന മണിക്കൂറുകളോളം നീണ്ട യോഗം അവസാനിച്ചു. ചൊവ്വാഴ്ച്ച രാത്രി ഏഴിന് ശേഷം തുടങ്ങിയ യോഗം 11 മണിയോടു കൂടിയാണ് അവസാനിക്കുന്നത്. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് യോഗത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല.

കേസിലെ അന്വേഷണ പുരോഗതി വിലയിരുത്താനാണ് യോഗം ചേര്‍ന്നതെന്ന് യോഗത്തിന് ശേഷം റൂറല്‍ എസ്പി എ.വി.ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു. വേണ്ടിവന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലുകളുണ്ടാകുമെന്നും അറസ്റ്റ് സംബന്ധിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി.ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പൊലീസ് ലിസ്റ്റിലുള്ളവരെ എപ്പോള്‍ അറസ്റ്റ് ചെയ്യണമെന്നത് സംബന്ധിച്ച്  യോഗത്തില്‍ തീരുമാനമുണ്ടായതായാണ് സൂചന. എല്ലാ പഴുതുകളും അടച്ചശേഷം അറസ്റ്റിലേയ്ക്ക് നീങ്ങിയാല്‍ മതിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ യോഗത്തില്‍ പങ്കെടുത്തില്ല. തിരുവനന്തപുരത്തായതിനാലാണ് എഡിജിപി  യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. ആലുവ എ.വി.ജോര്‍ജ്, സി.ഐ.ബൈജു പൗലോസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. കേസ് അന്വേഷണം നീളുന്നതില്‍ ഡിജിപി ലോക്നാഥ് ബെഹ്റ അതൃപ്തി അറിയിച്ചതോടെയാണ് അടിയന്തിര യോഗം ആലുവ പൊലീസ് ക്ലബ്ബില്‍ കൂടിയത്.