Sunday 23 July 2017

എല്ലാം പഴുതുകളും അടച്ചശേഷം അറസ്റ്റ്; ആലുവയില്‍ ഉന്നതതല യോഗം തുടരുന്നു

By Farsana Jaleel.05 Jul, 2017

imran-azhar

നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ഉന്നതതല യോഗം ആലുവ പൊലീസ് ക്ലബ്ബില്‍ തുടരുന്നു. കേസിലെ അന്വേഷണ പുരോഗതിയും തുടര്‍നടപടികളും ചര്‍ച്ച ചെയ്യാനാണ് ഉന്നതതല യോഗം ചേര്‍ന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി.ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്താനാണ് യോഗം ചേര്‍ന്നത്.

കേസില്‍ ഇതുവരെ ലഭിച്ച തെളിവുകളുടെ അവലോകനാണ് യോഗത്തില്‍ ചര്‍ച്ചചെയ്യുക. ഡി.ജി.പിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഐ.ജി ദിനേന്ദ്ര കശ്യപ് ആലുവയിലെത്തിയത്. കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പൊലീസ് ലിസ്റ്റിലുള്ളവരെ എപ്പോള്‍ അറസ്റ്റ് ചെയ്യണമെന്നത് സംബന്ധിച്ചും യോഗത്തില്‍ തീരുമാനുണ്ടായേക്കും. എല്ലാ പഴുതുകളും അടച്ചശേഷം അറസ്റ്റിലേയ്ക്ക് നീങ്ങിയാല്‍ മതിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ യോഗത്തില്‍ പങ്കെടുത്തില്ല. തിരുവനന്തപുരത്തായതിനാലാണ എഡിജിപി  യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. ആലുവ എ.വി.ജോര്‍ജ്, സി.ഐ.ബൈജു പൗലോസ് എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നു. കേസ് അന്വേഷണം നീളുന്നതില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അതൃപ്തി അറിയിച്ചതോടെയാണ് അടിയന്തിര യോഗം ആലുവ പൊലീസ് ക്ലബ്ബില്‍ കൂടുന്നത്.

കേസില്‍ ഗൂഢാലോചന നടത്തിയത് ഏത് വന്‍ സ്രാവായാലും പിടികൂടുമെന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. കോടതയില്‍ ഹാജരാക്കിയ പള്‍സര്‍ സുനിയുടെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം ഊര്‍ജിതമായാണ് പോകുന്നതെന്നും ഒരു രീതിയിലും മന്ദഗതിയിലല്ലെന്നും കേസിന് പിന്നില്‍ വമ്പന്‍ സ്രാവുകളല്ല ആരുണ്ടെങ്കിലും പിടികൂടുമെന്നും എവി ജോര്‍ജ് അറിയിച്ചു.

കേസിലെ ഗൂഢാലോചനയാണ് അന്വേഷിക്കുന്നതെന്നും വേണ്ടിവന്നാല്‍ അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്നും അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണ് നടക്കുന്നതെന്നും തുടക്കം മുതലെ നല്ല രീതിയിലാണ് അന്വേഷണം പോകുന്നതെന്നും എന്നാല്‍ അന്വേഷണം എത്ര ദിവസം നീളുമെന്നത് പറയാനാകില്ലെന്നും എഡിജിപി ബി സന്ധ്യ പറഞ്ഞിരുന്നു. കേസില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്നും ഡജിപി ലോക്‌നാഥ് ബെഹ്‌റയും അറിയിച്ചിരുന്നു.