Thursday 21 September 2017

അറസ്റ്റില്ല പക്ഷേ.......ദിലീപിനെയും നാദിര്‍ഷയെയും കാത്തിരിക്കുന്നത് 100ല്‍ പരം പേജുള്ള കുഴപ്പിക്കുന്ന ചോദ്യാവലി

By Farsana Jaleel.05 Jul, 2017

imran-azhar

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ഇതിനായി നൂറിലേറെ പേജുകള്‍ വരുന്ന പുതിയ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ടെന്നതായാണ് സൂചന. ഇന്നോ നാളെയോ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ പൊലീസ്.

 

കഴിഞ്ഞ ആഴ്ച്ച ഇരുവരെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. 13 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ ദിലീപിന്റേത് 143 പേജുള്ള മൊഴിയും നാദിര്‍ഷയുടേത് 140 പേജുള്ള മൊഴിയുമായിരുന്നു. ഇരവരുടെയും മൊഴികള്‍ വീണ്ടും പരിശോധിച്ച സാഹചര്യത്തിലാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ആദ്യഘട്ടത്തെക്കാള്‍ കഠിനമായ ചോദ്യങ്ങളാകും ഇരുവര്ക്കും നേരിടേണ്ടിവരിക. ഇതുവരെയുള്ള അന്വേഷണാടിസ്ഥാനത്തില്‍ പഴുതടച്ച ചോദ്യങ്ങളുമായാകും അന്വേഷണ സംഘം എത്തുക. ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം മുന്നോട്ടുവെയ്ക്കും.

 

ഈ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ദിലീപും നാദിര്‍ഷയും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതും തുടര്‍ന്നുള്ള അന്വേഷണത്തില്‍ കാര്യങ്ങള്‍ വ്യക്തമായിരുന്നു. ഇതില്‍ വ്യക്തത വരുന്നതിനാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുന്നത്. അതേസമയം ഇരുവരും നിയമോപദേശം തേടിയിട്ടില്ലെന്നും അന്വേഷണത്തില്‍ ആശങ്കയില്ലെന്നും ദിലീപ് ആവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യലിന്റെ ആവശ്യകത വ്യക്തമാകാത്തത്.

 

കേസിലെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം പൊലീസ് ഉന്നതതല യോഗം ആലുവയില്‍ ചേര്‍ന്നിരുന്നു. യോഗത്തില്‍ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനമായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം മാത്രമെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേയ്ക്ക് നീങ്ങുകയുള്ളുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം ആലുവയില്‍ യോഗം ചേര്‍ന്നത്. ഇദ്ദേഹമാണ് കേസന്വേഷണത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തിരിക്കുന്നത്.

 

കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ത്തും തുടര്‍ നടപടികള്‍ക്കുമായി അദ്ദേഹം ആലുവയില്‍ തങ്ങുകയാണ്. എന്നാല്‍ കേസില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ സമയമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും കേസന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാല്‍ ആരെയും അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമോ തെളിവുകളോ ആയിട്ടില്ലെന്നും ആലുവ റൂറല്‍ എസ്.പി അറിയിച്ചു.