Tuesday 17 September 2019




ഇന്ത്യ സുരക്ഷിത കരങ്ങളില്‍; രാജ്യം ആര്‍ക്കു മുന്നിലും തല കുനിക്കില്ലെന്ന് പ്രധാനമന്ത്രി

By anju.26 Feb, 2019

imran-azhar

ചുറു: രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യന്‍ വ്യോമാക്രമണത്തിനു ശേഷം രാജസ്ഥാനിലെ ചുറുവില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ആര്‍ക്കുമുന്നിലും തലകുനിക്കില്ലെന്ന് താന്‍ ഉറപ്പ് നല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 


വ്യോമസേനയുടെ മിന്നല്‍ ആക്രമണത്തിനു ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യത്തെ പ്രതികരണമായിരുന്നു ഇത്. ഈ മണ്ണില്‍ തൊട്ട് സത്യം ചെയ്യുകയാണ്. ഈ രാജ്യം ഇല്ലാതാകാന്‍ വിട്ടുകൊടുക്കയില്ല. ആരുടെ മുന്നിലും തലകുനിക്കാന്‍ രാജ്യത്തെ വിട്ടുകൊടുക്കില്ല. ഇത് ഭാരത മാതാവിനോടുള്ള തന്റെ പ്രതിജ്ഞയാണ്. നിങ്ങളുടെ അഭിമാനം താന്‍ സംരക്ഷിക്കുമെന്നും മോദി പറഞ്ഞു.

 

ഇന്ന് കണ്ടത് ഓരോ ഭാരതീയന്റെയും വിജയമാണെന്നും ആക്രമണത്തിലെ ഈ വിജയം നമ്മള്‍ ആഘോഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ജനങ്ങളുടെ വികാരം തനിക്ക് മനസിലാകുമെന്നും പറഞ്ഞ മോദി രാഷ്ട്രത്തിനാണ് താന്‍ പ്രഥമപരിഗണന നല്‍കുന്നതെന്നും സൈനികരുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേര്‍ത്തു.

 

വോട്ട് അഭ്യര്‍ത്ഥനയോടെയാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. 2014ലെ പിന്തുണ ഒരിക്കല്‍ കൂടി നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ വേണ്ടത് ശക്തമായ സര്‍ക്കാരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വിശദീകരിച്ചു.

 

ഇന്ന് പുലര്‍ച്ചെ മൂന്നേ മുക്കാലോടെയായിരുന്നു ഇന്ത്യന്‍ വ്യോമസേന പാക് ഭീകരരുടെ കേന്ദ്രങ്ങള്‍ തരിപ്പണമാക്കിയത്. 12 മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ആക്രമണം നടത്തിയത്.