Friday 17 November 2017

ഗുജറാത്തില്‍ കൂടുതല്‍ യുവനേതാക്കളെ ഒപ്പം കൂട്ടാന്‍ രാഹുല്‍

By SUBHALEKSHMI B R.04 Nov, 2017

imran-azhar

അഹമ്മദാബാദ്: ഗുജറാത്തില്‍ വിശാല മഹാസഖ്യ രൂപീകരണത്തിന്‍റെ ആദ്യപടി താണ്ടിയ കോണ്‍ഗ്രസ് കൂടുതല്‍ യുവനേതാക്കളെ സഖ്യത്തിലെത്തിക്കാന്‍ നീക്കം ശക്തമാക്കുന്നു. ജന്‍ അധികാര്‍ മഞ്ച് നേതാവ് പ്രവീണ്‍ റാമുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സോളങ്കി കൂടികാഴ്ച നടത്തി.

 

ജാതി~സമുദായ സമവാക്യങ്ങള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഗുജറാത്തില്‍, എണ്‍പതുകള്‍ക്കുശേഷം ആദ്യമായാണ് വിശാലഐക്യമെന്ന ആശയവുമായി കോണ്‍ഗ്രസ് എത്തുന്നത്. സമുദായങ്ങള്‍ക്കുപുറമേ യുവജനങ്ങള്‍ക്കിടയിലും സ്വാധീനമുള്ള ദലിത് ആദിവാസി നേതാവ് അല്‍പേഷ് ഠാക്കൂര്‍, പിന്നാക്കവിഭാഗ നേതാവ് ജിഗ്നേഷ് മേവാനി, പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ എന്നിവരെയാണ് ആദ്യം ലക്ഷ്യംവച്ചത്. ബിജെപിയുമായി ഇടഞ്ഞുനിന്നിരുന്ന മൂവരേയും സ്വന്തം പാളയത്തിലേക്ക് എത്തിക്കാനായത് കോണ്‍ഗ്രസിനുകരുത്താകും. ഇതിനൊപ്പം, ജനസ്വാധീനമുള്ള കൂടുതല്‍ നേതാക്കളെ ഒപ്പംകൂട്ടാനും ശ്രമം തുടരുന്നു.

 

ഇതിന്‍െറ ഭാഗമായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കായി സമരരംഗത്തുള്ള ജന്‍ അധികാര്‍ മഞ്ച് നേതാവ് പ്രവീണ്‍ റാമിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രവീണ്‍ റാമിനെ കൂടെനിര്‍ത്തിയാല്‍ നാലരലക്ഷത്തോളം വരുന്ന യുവജീവനക്കാരെയും കരാര്‍ ജീവനക്കാരെയും കൂടെക്കൂട്ടാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഒപ്പം, പ്രചാരണം കൊഴുക്കുന്നതോടെ ഭരണവിരുദ്ധവികാരവും സാന്പത്തികമേഖലയില തകര്‍ച്ചയും ആളികത്തിക്കാനുമാണ് നീക്കം. ഗുജറാത്തിലും പിന്നെ കേന്ദ്രത്തിലും അധികാരത്തിലെത്തിയാല്‍ ജിഎസ്ടിയില്‍ ജനങ്ങളാഗ്രഹിക്കുന്ന മാറ്റംവരുത്താന്‍ തയാറാണെന്ന് നവസര്‍ജന്‍ യാത്ര അവസാനിക്കവേ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.