Wednesday 19 September 2018



ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുളള രാജ്ഭവന്‍ മാര്‍ച്ച് പുരോഗമിക്കുന്നു

By SUBHALEKSHMI B R.11 Dec, 2017

imran-azhar

തിരുവനന്തപുരം: ഓഖി ് ദുരന്തത്തെ തുടര്‍ന്നുള്ള കേന്ദ്ര ~ സംസ്ഥാന സര്‍ക്കാരുകളുടെ രക്ഷാപ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടപ്പിച്ചുകൊണ്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുളള രാജ്ഭവന്‍ മാര്‍ച്ച് രാജ്ഭവനിലേക്കു മാര്‍ച്ച് നടത്തി. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം ഉദ്ഘാടനം ചെയ്തു. സഹായ മെത്രാന്‍ ഡോ. ആര്‍.ക്രിസ്തുദാസ്, വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര എന്നിവര്‍ പ്രസംഗിച്ചു.

 

രാജ്ഭവന്‍ മാര്‍ച്ചിനു മുന്നോടിയായി ഇന്നു രാവിലെ പാളയം സെന്‍റ് ജോസഫ് കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ നിന്നു പ്രകടനം ആരംഭിച്ചു. ഓഖി ദുരനന്തത്തില്‍ പെട്ടു കാണാതായ നൂറുകണക്കിനു മത്സ്യത്തൊഴിലാളികളെ എത്രയും വേഗം കണ്ടെത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തുക, ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, നഷ്ടം സംഭവിച്ചവര്‍ക്കുള്ള പുനരധിവാസ പാക്കേജ് സമയബന്ധിതമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു മാര്‍ച്ച്.

 

കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ഇനിയും രക്ഷിക്കാന്‍ കഴിയാത്ത വിധം കേന്ദ്ര~സംസ്ഥാന സര്‍ക്കാരുകളുടെ രക്ഷാപ്രവര്‍ത്തന സംവിധാനമാകെ സ്തംഭിച്ചു നില്‍ക്കുന്നതിലുള്ള പ്രതിഷേധമാണ് സമരത്തിലൂടെ പ്രകടിപ്പിക്കുന്നത്. കാണാതായ അവസാന മത്സ്യത്തൊഴിലാളിയെയും കണ്ടെത്തിയില്ലെങ്കില്‍ കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളിലും സെക്രട്ടേറിയറ്റിനു മുന്നിലും രാപ്പകല്‍ സമരം ഉള്‍പ്പെടെ നടത്താനും കഴിഞ്ഞ ദിവസം അതിരൂപതാ ആസ്ഥാനത്തു വിളിച്ചു ചേര്‍ത്ത വൈദികരുടെയും പാസ്റ്ററല്‍ കൌണ്‍സില്‍ അംഗങ്ങളുടെയും യോഗത്തില്‍ തീരുമാനിച്ചു. മത്സ്യത്തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച പ്രാര്‍ഥനാ ദിനമായി ആചരിച്ചിരുന്നു.