Friday 15 November 2019




16~കാരിയെ ഗര്‍ഭിണിയാക്കിയ വികാരി പണ്ടേ നോട്ടപ്പുളളി; തളളിപ്പറഞ്ഞ് രൂപത

By Subha Lekshmi B R.28 Feb, 2017

imran-azhar

കണ്ണൂര്‍: 16~കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെ വൈദികനെ തള്ളിപ്പറഞ്ഞ് മാനന്തവാടി രൂപത രംഗത്ത്. വൈദികനെ വികാരി സ്ഥാനത്തുനിന്നും പുറത്താക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. സഭാതലത്തില്‍ നടപടി എടുക്കാന്‍ അന്വേഷണം തുടങ്ങിയതായും കൂടാതെ സഭാപരമായ കര്‍മ്മങ്ങള്‍ ചെയ്യാനുളള മുഴുവന്‍ അവകാശങ്ങളില്‍ നിന്നും വിലക്കിയതായും മാനന്തവാടി രൂപത വ്യക്തമാക്കി.

 

ഒരു പ്രമുഖ പത്രത്തിന്‍റെ മേധാവിയായിരുന്നയാളാണ് കുറ്റാരോപിതനായ വികാരി. 2005 മുതല്‍ 2008 വരെയുളള കാലഘട്ടത്തിലാണ് ഈ മാധ്യമസ്ഥാപനത്തിന്‍റെ മാനേജിംഗ് ഡയറക്ടറായിഫാ.റോബിന്‍ വടക്കുംചേരി പ്രവര്‍ത്തിച്ചത്. വികാരി പണ്ടേ നോട്ടപ്പുളളിയാണെന്നാണ് സൂചന. കൂടുതല്‍ കൂട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും.

 

ചൈല്‍ഡ് ലൈനിന് ലഭിച്ച അജ്ഞാത ഫോണ്‍ കോളാണ് സംഭവം വെളിച്ചത്തുവന്നത്.
ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു. പൊലീസെത്തി വിദ്യാര്‍ത്ഥിനിയുടെ മൊഴിയെടുത്തു.

 

ഭയംമൂലവും പള്ളിവികാരിയെ സംഭവത്തില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടിയും പെണ്‍കുട്ടി വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ആദ്യം സ്വന്തം പിതാവിന്‍റെ പേരാണ് പറഞ്ഞത്.
മൊഴികളില്‍ ആശയക്കുഴപ്പം തോന്നിയ പൊലീസ് വിശദമായി തിരക്കിയപ്പോഴാണ് പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 16കാരി കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അന്വേഷണം
ആരംഭിച്ചതറിഞ്ഞ് ഒളിവില്‍ പോയ റോബിന്‍ വടക്കുംചേരിയെ തൃശൂരില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പോക്സോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ്
പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പീഡനത്തില്‍ ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനി രണ്ടാഴ്ച മുന്പാണ് പ്രസവിച്ചത്.