Wednesday 07 December 2022




എലികള്‍ ചില്ലറക്കാരല്ല! തിന്നൊടുക്കിയത് 581 കിലോ കഞ്ചാവ്!!

By Shyma Mohan.24 Nov, 2022

imran-azhar

 

ലക്‌നൗ: എലികളെ നിസ്സാരക്കാരെന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ. യുപിയിലെ പോലീസ് സ്‌റ്റേഷന്‍ ഗോഡൗണില്‍ സൂക്ഷിച്ച 581 കിലോ കഞ്ചാവാണ് വിരുതന്‍മാര്‍ അകത്താക്കിയിരിക്കുന്നത്. ഇത് പറയുന്നത് മറ്റാരുമല്ല, യുപി പോലീസ് തന്നെ.

 

പോലീസ് സ്റ്റേഷനുകളിലെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം കഞ്ചാവ് കഴിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒരു കേസില്‍ കണ്ടെടുത്ത കഞ്ചാവ് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് മറുപടിയായാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. യുപിയിലെ മഥുര പോലീസാണ് ഷേര്‍ഗഡ്, ഹൈവേ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലികള്‍ കഴിച്ചെന്ന റിപ്പോര്‍ട്ട് നല്‍കിയത്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട്(1985) കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏകദേശം 386 കിലോ കഞ്ചാവ് ഷെര്‍ഗഡ് പോലീസ് സ്റ്റേഷനിലും 195 കിലോഗ്രാം ഹൈവേ പോലീസ് സ്റ്റേഷനിലുമാണ് സൂക്ഷിച്ചിരുന്നത്.

 

നവംബര്‍ 26നകം റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അതേസമയം, ഒക്ടോബറില്‍ പെയ്ത മഴയില്‍ ഗോഡൗണില്‍ വെള്ളം കയറിയെന്നും അവിടെ സൂക്ഷിച്ചിരുന്ന കഞ്ചാവ് കേടായെന്നും ഹൈവേ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഛോട്ടേ ലാല്‍ പറയുന്നു. ഏകദേശം 60 ലക്ഷം രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് നശിച്ചുപോയത്.